സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെടുകയും തുടർന്ന് വിവാഹം കഴിക്കുകയും ചെയ്ത നാലാമത്തെ യുവതിയുടെ പരാതിയിലാണ് വിവാഹത്തട്ടിപ്പു വീരൻ പൊലീസ് പിടിയിലായത്. ഒറ്റപ്പെടലിൻ്റെ വേദന തീര്ക്കാന് നാല് കല്ല്യാണം കഴിച്ച യുവാവ് ഭാര്യമാർ ഫെയ്സ് ബുക്കിൽ ഫ്രണ്ട്സ് ആയതോടെ കുടുങ്ങി.
കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയും കോന്നി പ്രമാടം പുളിമുക്ക് തേജസ് ഫ്ലാറ്റിൽ താമസിക്കുന്നയാളുമായ ദീപു ഫിലിപ്പ് (36) ആണ് കോന്നി പൊലീസിൻ്റെ പിടിയിലായത്. രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്സ് ബുക്ക് ഫ്രണ്ടായതോടെയാണ് അനാഥത്വത്തിൻ്റെ കണ്ണീര് കഥപറഞ്ഞ് അങ്ങോളം ഇങ്ങോളം കല്യാണം കഴിച്ചു നടന്ന വിവാഹത്തട്ടിപ്പുവീരൻ പിടിയിലായത്.
2022 മാർച്ച് ഒന്നിനും ഈ വർഷം ഫെബ്രുവരി ഏഴിനും ഇടയിലുള്ള കാലയളവിലാണ് യുവതിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിനിയെ 10 കൊല്ലം മുൻപ് കല്യാണം കഴിച്ചാണ് വിവാഹത്തട്ടിപ്പിന് തുടക്കം.
യുവതിയുടെ സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയ ഇയാൾ പിന്നീട് ഭാര്യയെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ചു കടന്നു. തുടർന്ന് കാസർകോടുള്ള മറ്റൊരു യുവതിയുമായി തമിഴ്നാട്ടിലേക്കു മുങ്ങി. അവിടെ കുറേക്കാലം ഒരുമിച്ച് താമസിച്ചശേഷം സ്ഥലംവിട്ടു.
പിന്നീട് എറണാകുളത്ത് എത്തിയ ഇയാൾ അവിടെ ഒരു സ്ത്രീയുമായി അടുക്കുകയും കുറേനാൾ അവരുമൊത്ത് കഴിയുകയും ചെയ്തു. തുടർന്നാണ് സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയുമായി അടുപ്പം സ്ഥാപിച്ച് ഒപ്പം കൂടിയത്. വിവാഹമോചിതയായ ഇവരെ പിന്നീട് അർത്തുങ്കൽ വച്ച് കല്യാണം കഴിക്കുകയായിരുന്നു.