ബിരിയാണിക്കൊപ്പം സലാഡ് കിട്ടിയില്ല ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ. കൊല്ലം തട്ടാമല പിണയ്ക്കല്‍ ഭാഗത്ത് വിവാഹ സത്കാരത്തിനുശേഷം കാറ്ററിങ് തൊഴിലാളികള്‍ തമ്മില്‍ സലാഡ് നല്‍കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കം ചേരിതിരിഞ്ഞ കൂട്ടത്തല്ലില്‍ കലാശിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് തട്ടാമല പിണയ്ക്കല്‍ ഭാഗത്ത് ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. ഒട്ടേറെപ്പേര്‍ക്ക് പരിക്കുപറ്റി.
വിളമ്പുകാരായ യുവാക്കൾ വിവാഹത്തിൽ പങ്കെടുത്തവർക്കെല്ലാം ഭക്ഷണം നൽകിയശേഷം ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു തല്ല് ഉണ്ടായത്. ചിലർക്ക് ബിരിയാണിയ്ക്കൊപ്പം സലാഡ് കിട്ടിയില്ല. ഇത് തർക്കമായി. തർക്കം മൂത്തതോടെ കൂട്ടത്തല്ലിൽ കലാശിച്ചു. ഇരു വിഭാഗങ്ങളായി തിരിഞ്ഞ് പാത്രങ്ങളുമായി ഏറ്റുമുട്ടി. തലയ്ക്ക് പരിക്കേറ്റ നാലുപേരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇരവിപുരം പോലീസിൽ ഇരുകൂട്ടരും പരാതി നൽകി.