കൊച്ചി മെട്രോ കോയമ്പത്തൂർ വരെ നീട്ടണമെന്ന ആവശ്യം ആവർത്തിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തൃപ്പൂണിത്തുറയില്‍ ബിജെപിയുടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
വാണിജ്യ കോറിഡോർ എന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ കോയമ്പത്തൂർ വരെ മെട്രോ നീളണം. നേരത്തെ ഇക്കാര്യം പറഞ്ഞപ്പോള്‍ കൊച്ചി മെട്രോ കൊച്ചിക്കാർക്ക് വേണ്ടി മാത്രമുള്ളതെന്ന് പറഞ്ഞായിരുന്നു എന്നെ അവഹേളിച്ചത്. അവരെ എനിക്ക് ഊളകള്‍ എന്ന് മാത്രമേ വിളിക്കാന്‍ സാധിക്കൂ എന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അതോടൊപ്പം 2036ല്‍ ഭാരതത്തില്‍ ഒളിമ്പിക്സ് എന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെങ്കില്‍ 36 ല്‍ അല്ലെങ്കില്‍ 40ല്‍ അത് സാധ്യമായിരിക്കും. രാജ്യത്ത് ഒളിമ്പിക്സ് വരുമ്പോള്‍ അതിന് അനുസൃതമായ വികസനം എല്ലായിടത്തും ഉണ്ടാകും. കായിക അടിസ്ഥാന വികസന രംഗത്ത് യുപിയിലൊക്കെ ഉണ്ടായ വികസനം എന്താണെന്ന് പരിശോധിക്കണം. ചുമ്മാ ഇവിടെ ഇരുന്ന് ഊപ്പി… ഊപ്പി എന്ന് പറഞ്ഞാല്‍ പോര എന്നും ഇന്നത്തെ യുപി എന്താണെന്ന് നിങ്ങള്‍ പോയി കണ്ട് മനസ്സിലാക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.