കേരളത്തിൽ ജനുവരി 16വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ കോമറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാലാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. നാളെ തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് മഴ ലഭിക്കാൻ സാദ്ധ്യത. ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
തമിഴ്നാട് തീരത്തും കേരള തീരത്തും നാളെവരെ 0.5 മുതൽ 1.0 മീറ്റർവരെ ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേകം ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. അതേസമയം, പകൽ താപനില സാധാരണയെക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാൻ സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.