ബെംഗളൂരു: ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കാൻ കർണാടക ആർടിസി (KSRTC) തീരുമാനിച്ചു. വടകര (നാദാപുരം വഴി), തൃശൂർ (മൈസൂരു–കോയമ്പത്തൂർ വഴി), ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ.
എച്ച്എസ്ആർ ലേഔട്ടിൽ നിന്ന് പയ്യന്നൂരിലേക്കുള്ള ഐരാവത് എസി സർവീസ് ഇതിനകം ആരംഭിച്ചു. കൂടാതെ, ശാന്തിനഗറിൽ നിന്ന് പുറപ്പെട്ടിരുന്ന കോഴിക്കോട് രാജഹംസ ബസ് ഇനി മടിവാളയിൽ നിന്നാകും സർവീസ് ആരംഭിക്കുക. ഇലക്ട്രോണിക് സിറ്റിയിലും തെക്കൻ ബെംഗളൂരുവിലുമുള്ള മലയാളികൾക്ക് ഇത് കൂടുതൽ സൗകര്യപ്രദമാകും.
വർഷങ്ങൾക്ക് മുമ്പ് നിർത്തലാക്കിയ ബെംഗളൂരു–വടകര സർവീസ് നാദാപുരം വഴിയുള്ള പുതിയ റൂട്ടിൽ പുനരാരംഭിക്കും. ബെംഗളൂരു–തൃശൂർ എസി സർവീസും പുതിയ റൂട്ടിലൂടെ തിരിച്ചെത്തും.
അതേസമയം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലേക്ക് അംബാരി ഉത്സവ് സ്ലീപ്പർ സർവീസുകളും ആരംഭിക്കാൻ ആലോചനയുണ്ട്. ഇതോടൊപ്പം കേരള ആർടിസിയും ബെംഗളൂരു–ആലപ്പുഴ വോൾവോ എസി സർവീസ് ഓണത്തിന് മുമ്പ് പുനരാരംഭിക്കുമെന്ന് അറിയിച്ചു.
ഓണസീസണിൽ ട്രെയിൻ ടിക്കറ്റുകളുടെ ലഭ്യത കുറവായ സാഹചര്യത്തിൽ പുതിയ ബസ് സർവീസുകൾ ബെംഗളൂരുവിലെ മലയാളികൾക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.