കർണാടകയിലെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. ഏപ്രിൽ 21 ആയിട്ടും പല ജീവനക്കാർക്കും ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മാസത്തിൻ്റെ ആദ്യ ദിവസങ്ങളിൽ ശമ്പളം ലഭിക്കാറുള്ള റവന്യൂ, വിദ്യാഭ്യാസം, പോലീസ്, മൃഗസംരക്ഷണം, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് തുടങ്ങിയ പ്രധാന വകുപ്പുകളിലെ ജീവനക്കാരെയാണ് പ്രതിസന്ധി കാര്യമായി ബാധിച്ചത്. സാമ്പത്തിക പരിമിതികളാണ് ശമ്പളം വൈകാൻ കാരണമെന്നാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പറയുന്നത്.

ചിലർക്ക് ശമ്പളം ലഭിച്ചെങ്കിലും വലിയൊരു വിഭാഗം ഇപ്പോഴും കാത്തിരിപ്പിലാണ്. സാമ്പത്തിക വർഷാവസാനമുള്ള സാധാരണ കാലതാമസത്തേക്കാൾ കൂടുതൽ ദിവസങ്ങൾ ഇത്തവണ പിന്നിട്ടിരിക്കുകയാണ്. ശമ്പളം വൈകുന്നത് മുൻപെങ്ങും ഇല്ലാത്തതാണെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സ്കൂൾ തുറക്കേണ്ട സമയമായതിനാൽ ശമ്പളം വൈകുന്നത് കുടുംബ ബജറ്റുകളെ താളംതെറ്റിച്ചതായി പലരും പറയുന്നു. ശമ്പളം വിതരണം ചെയ്യുന്നതിന് ആവശ്യമായ ഗ്രാന്റുകൾ അനുവദിക്കുന്നതിലോ റിലീസ് ചെയ്യുന്നതിലോ വലിയ വിടവുണ്ടെന്നാണ് സ്റ്റാമ്പ്‌സ് ആൻഡ് രജിസ്ട്രേഷൻ വകുപ്പിലെ ഒരു ജീവനക്കാരൻ പറയുന്നത്. ശമ്പളം നൽകാനായി ധനകാര്യ വകുപ്പ് ഗ്രാന്റുകൾ ഭാഗികമായി മാത്രമാണ് അനുവദിക്കുന്നതെന്ന് മറ്റൊരു ഭാരവാഹി കുറ്റപ്പെടുത്തി.

ഏപ്രിൽ 9-ന് നടന്ന ദാവൻഗെരെ സൗത്ത്, ബാഗൽകോട്ട് ഉപതിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഗൃഹലക്ഷ്മി പദ്ധതിയിലേക്ക് പണം വകമാറ്റിയതാണ് നിലവിലെ ശമ്പള പ്രതിസന്ധിക്ക് കാരണമെന്ന് ആരോപണമുണ്ട്. മൂന്ന് മാസത്തോളമായി മുടങ്ങിക്കിടന്ന കുടിശ്ശിക തീർക്കാൻ ഏകദേശം 6,000 കോടി രൂപ സർക്കാർ വകമാറ്റിയതായി പറയുന്നു. ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഉടൻതന്നെ കുടിശ്ശിക തീർക്കാൻ കഴിയുമെന്നുമാണ് ട്രഷറി വകുപ്പ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.

Related Posts