തപാൽ വകുപ്പ് 2025-26 സാമ്പത്തിക വർഷത്തിൽ 15,296 കോടി രൂപയുടെ വരുമാനം നേടിയതായി കേന്ദ്രവാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും 2026-27 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുമായി ന്യൂദൽഹിയിൽ ചേർന്ന വാർഷിക ബിസിനസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024-25ൽ 13,218 കോടി രൂപയായിരുന്നു വരുമാനം. ഇത്തവണ 16 ശതമാനം വളർച്ച നേടി. 17,546 കോടിയാണ് വകുപ്പ് ലക്ഷ്യമിട്ടിരുന്നത്, ലക്ഷ്യത്തിൻ്റെ 88% കൈവരിക്കാനായി. രാജ്യത്താകമാനമുള്ള 23 സർക്കിളുകളിൽ എട്ട് സർക്കിളുകൾ ലക്ഷ്യത്തിൻ്റെ 90%ത്തിലധികവും 14 സർക്കിളുകൾ 80 മുതൽ 90% വരെയും നേട്ടം കൈവരിച്ചതായും മന്ത്രി അറിയിച്ചു. പാഴ്‌സലുകൾ, മെയിൽ, ഇൻ്റർനാഷണൽ ബിസിനസ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ വളർച്ചാ സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.

പാഴ്‌സലുകൾ 69%വും മെയിൽ പ്രവർത്തനങ്ങൾ 34%വും പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് 13%വും വളർച്ച കൈവരിച്ചു. മൊത്തത്തിലുള്ള പ്രകടനത്തിൽ രാജസ്ഥാൻ സർക്കിളാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. മൊത്തം വരുമാന ലക്ഷ്യത്തിൻ്റെ 102% കൈവരിക്കുകയും മുൻവർഷത്തെ അപേക്ഷിച്ച് 34% വളർച്ച കൈവരിക്കുകയും ചെയ്തു. മികച്ച പ്രകടനം കാഴ്ചവെച്ച സർക്കിളുകൾക്കുള്ള ഉപഹാരങ്ങളും മന്ത്രി സമ്മാനിച്ചു. വകുപ്പ് സെക്രട്ടറി വന്ദിത കൗൾ, പോസ്റ്റൽ സർവീസസ് ഡയറക്ടർ ജനറൽ ജിതേന്ദ്ര ഗുപ്ത എന്നിവരും തപാൽ ഡയറക്ടറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരും 23 പോസ്റ്റൽ സർക്കിളുകളിൽ നിന്നുള്ള ചീഫ് പോസ്റ്റ്‌മാസ്റ്റേഴ്‌സ് ജനറൽമാരും യോഗത്തിൽ പങ്കെടുത്തു.

Related Posts