എഐ (നിർമ്മിതബുദ്ധി) കാരണമുള്ള തൊഴിൽ നഷ്ടത്തെക്കുറിച്ചു പഠിക്കാൻ കർണാടക സർക്കാർ സർവേ നടത്തുന്നു. 27-ന് ഐടി വകുപ്പിൻ്റെ നേതൃത്വത്തിലുള്ള സർവേ ആരംഭിക്കും. ഐടി അടക്കം വിവിധമേഖലകളിലെ വിദഗ്‌ധർ, കമ്പനികളിലെ മാനവവിഭവശേഷി വിഭാഗം മേധാവികൾ, അക്കാദമികരംഗത്തെ വിദഗ്ധർ, എഐ വിദഗ്ധർ തുടങ്ങിയവരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. പുതിയ ഐടി നയം തയ്യാറാക്കുന്നതിന് മുന്നോടിയായിട്ടാണ് സർവേ.

എഐയും ഓട്ടമേഷനും ഐടി അടക്കമുള്ള മേഖലകളിൽ വലിയ തൊഴിൽ നഷ്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്. ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട ഐടി ഹബ്ബുകളിൽ ഒന്നായ ബെംഗളൂരുവിനെ ഇത് വലിയ രീതിയിൽ ബാധിക്കും. എഐ ഉപയോഗം വ്യാപകമാക്കുമ്പോൾ തൊഴിൽ രംഗത്തുണ്ടാകുന്ന മാറ്റങ്ങൾ, വെല്ലുവിളികൾ എന്നിവ നേരിടുന്നത് എങ്ങനെയായിരിക്കണമെന്ന് കണ്ടെത്താൻ സർവേ ഉപകരിക്കുമെന്നാണ് സർക്കാരിൻ്റെ കണക്കൂട്ടൽ.

വ്യവസായരംഗത്തെ എഐ ഉടച്ചുവാർക്കുമ്പോൾ സംസ്ഥാനത്തെ തൊഴിൽമേഖല പിന്നിലാകാതിരിക്കാനാണ് പഠനം നടത്തുന്നതെന്ന് ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. പുതിയ തൊഴിൽമേഖലയുടെ ആവശ്യം തിരിച്ചറിയുകയും അതിനനുസരിച്ച് നൈപുണിവികസനം നടപ്പാക്കുകയുമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

Related Posts