പൊതു-സ്വകാര്യ പങ്കാളിത്ത മോഡലിൽ മെജസ്റ്റിക് ബസ് സ്റ്റാൻഡ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി പ്രാരംഭ പ്രവർത്തനങ്ങൾക്ക് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ടെൻഡർ ക്ഷണിച്ചു. ബസ്സ്റ്റാൻഡിലെ ഗതാഗതം, പദ്ധതി മേഖല, വാണിജ്യപരമായ സാധ്യത, സാമൂഹിക ആഘാത വിലയിരുത്തൽ, പരിസ്ഥിതി എന്നിവയുൾപ്പെടെ സാധ്യതാ റിപ്പോർട്ട് തയാറാക്കുന്നതിനായി സാങ്കേതിക ഉപദേഷ്ടാക്കളെ നിയമിക്കുന്നതിനാണ് കെ.എസ്.ആർ.ടി.സി ടെൻഡറുകൾ ക്ഷണിച്ചത്.
കർണാടക സർക്കാർ ലക്ഷ്യമിടുന്നത് മെജസ്റ്റിക് ബസ് സ്റ്റാൻഡ് നവീകരിക്കുക വഴി ഹൈടെക് ഇൻ്റർമോഡൽ ട്രാൻസ്പോർട്ട് ഹബ്ബാക്കി മാറ്റാനാണ്. മുപ്പത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന നഗരഹൃദയമായ ബസ് സ്റ്റാൻഡ്, പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിൽ ‘പ്രോജക്ട് മെജസ്റ്റിക്’ എന്ന പദ്ധതി യിൽ വികസിപ്പിക്കാനാണ് തീരുമാനം.
മെട്രോ, നഗര, ഇന്റർസിറ്റി ഗതാഗതം, റെയിൽവേ സേവനങ്ങൾ എന്നിവ സംയോജിപ്പിച്ച് യാത്രക്കാർക്ക് സുഗമമായ യാത്രാനുഭവം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കെ.എസ്.ആർ.ടി. സി ബസ് സ്റ്റാൻഡിലെ നിലവിലുള്ള 1, 2, 3 ടെർമിനലുകൾ എന്നിവയുൾപ്പെടെ ഏകദേശം 40 ഏക്കർ ഭൂമി നിർദിഷ്ഠ ഹബ്ബിൽ ഉൾപ്പെടും.
ഷോപ്പിങ് കോംപ്ലക്സ്, ഫുഡ് കോർട്ടുകൾ, ഓഫിസ് സ്ഥലങ്ങൾ, മറ്റ് വാണിജ്യ സൗകര്യങ്ങൾ എന്നിവയും ഒരുക്കും. ആർ ഗുണ്ടു റാവുവിന്റെയും ഡി ദേവരാജ് ഉർസിൻ്റെയും നേത്യത്വത്തിൽ 2016ൽ പുനർവികസന പദ്ധതി ആദ്യമായി വിഭാവനം ചെയ്തതായി ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
ബസ് സ്റ്റാൻഡിൽനിന്ന് പ്രതിദിനം ഏകദേശം 10,000 ബസുകൾ സർവീസ് നടത്തുന്നതിനാൽ, സ്ഥലപരിമിതി പരിഹരിക്കുന്നതിനും ആധുനിക ഗതാഗത സൗകര്യം ഒരുക്കുന്നതിനുമാണ് പുനർവികസനം ലക്ഷ്യ മിടുന്നത്. മെജസ്റ്റിക് ബസ് സ്റ്റാൻഡ് നവീകരണത്തിന് ആദ്യം പദ്ധതിയിടുന്നത് 2016 ലാണ്.
നിലവിൽ 10,000 ത്തിലേറെ ബസുകൾ മെജസ്റ്റിക് ബസ് സ്റ്റാൻഡ് കേന്ദ്രമാക്കി സർവിസ് നടത്തുന്നുണ്ട്. അതിനാൽ കൂടുതൽ വിശാലമായ ആധുനിക സൗകര്യങ്ങളോടെയുള്ള ഹബ്ബാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.