ഇന്ത്യയ്ക്കായി വര്‍ഷങ്ങള്‍ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാമെന്ന കരുണ്‍ നായരുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കാനിരിക്കെ താരത്തിന് സാരമായ പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പന്ത് നെറ്റ്‌സിലെ പരിശീലനത്തിനിടെ കരുണിൻ്റെ വാരിയെല്ലില്‍ അടിച്ച് കൊള്ളുകയായിരുന്നു. കരുണിൻ്റെ കാര്യത്തില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ഫിസിയോയും മറ്റും പരിശോധിച്ച് ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പിച്ചു വെന്നും ടീം വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ടീമിലേക്ക് 2017ന് ശേഷം മടങ്ങിയെത്തിയ കരുണ്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് കരുണിന് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് വഴി തുറന്നത്. ടെസ്റ്റ് ടീമില്‍ ഇടം പിടിച്ച കരുണ്‍ ഇന്ത്യ എ ടീമിനായും ഇംഗ്ലണ്ടില്‍ തിളക്കമാര്‍ന്ന ബാറ്റിങ് പുറത്തെടുത്തു. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ കാൻ്റര്‍ബറിയില്‍ 204 റണ്‍സാണ് കരുണ്‍ അടിച്ചുകൂട്ടിയത്.

നാല്‍പതും പതിനഞ്ചും റണ്‍സെടുക്കാനേ രണ്ടാം ടെസ്റ്റില്‍ താരത്തിന് കഴിഞ്ഞുള്ളൂ. 2016ലാണ് കരുണ്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറിനേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് കരുണ്‍. ഇന്ത്യയില്‍ വച്ച് 2017 ല്‍ ഓസീസിനെതിരെയാണ് കരുണ്‍ അവസാനമായി കളിച്ചത്.

Related Posts