കേരളത്തിലേക്ക് അര്‍ജൻ്റീന ഫുട്‌ബോള്‍ ടീം വരുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. കായിക മന്ത്രി വി അബ്ദുറഹിമാന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘ലോക ചാംപ്യന്മാരായ അര്‍ജൻ്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക്, മെസി വരും ട്ടാ..!’ എന്നാണ് മന്ത്രിയുടെ പോസ്റ്റ്. സ്‌പോണ്‍സര്‍മാരായ റിപോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് മന്ത്രി നന്ദിയുമറിയിച്ചിട്ടുണ്ട്.

അര്‍ജൻ്റീന ടീം സ്‌പോണ്‍സര്‍ തുക നല്‍കാത്തതിനാല്‍ എത്തില്ലെന്ന് കഴിഞ്ഞമാസം വാര്‍ത്ത പുറത്തുവന്നിരുന്നു. കേരളത്തിലേക്കു വരാന്‍ 15 ദശലക്ഷം ഡോളര്‍ (ഏകദേശം 128 കോടി രൂപ) ആണ് അര്‍ജൻ്റീന ഫുട്‌ബോള്‍ അസോസിയേഷനു നല്‍കേണ്ടി വരുക. ഇതില്‍ 9 ദശലക്ഷം ഡോളര്‍ (ഏകദേശം 77 കോടി രൂപ) അഡ്വാന്‍സായി നല്‍കണം.

ഇതടയ്‌ക്കേണ്ട കാലാവധി കഴിഞ്ഞതോടെയാണ് അര്‍ജൻ്റീന ടീം എത്തില്ലെന്ന റിപോര്‍ട്ടു വന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24ന് ആണ് കരാര്‍ ആയത്. 3 മാസമോ 45 ദിവസമോ ആയിരുന്നു അഡ്വാന്‍സ് തുക അടയ്‌ക്കേണ്ട കാലാവധി. കരാര്‍ നിലനില്‍ക്കുന്നുണ്ടെന്നും തുകയടയ്ക്കാന്‍ വൈകിയാല്‍ പെനല്‍റ്റി നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Related Posts