ലണ്ടനിലെ ഓവല്‍ മൈതാനത്ത്, ആന്‍ഡേഴ്‌സണ്‍-ടെന്‍ഡുല്‍ക്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്നുമുതല്‍. പരമ്പരയില്‍ ഇതുവരെ 4 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് ഭാരതത്തിനെതിരെ 2-1ന് മുന്നിലാണ്. ഭാരതത്തിന് ജയിക്കാനായാല്‍ ഓവല്‍ ടെസ്റ്റില്‍ പരമ്പര സമനിലയിലാകും. മറിച്ചെന്ത് സംഭവിച്ചാലും ഇംഗ്ലണ്ട് ജേതാക്കളാകും. ഭാരതത്തിനായി കാല്‍വിരലിന് പരിക്കേറ്റ ഋഷഭ് പന്ത് കളിക്കില്ല. പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെല്‍ അന്തിമ ഇലവനിലിറങ്ങും.
മറ്റ് മാറ്റങ്ങളൊന്നും ഭാരത നിരയില്‍ ഉണ്ടാകാനിടയില്ല. മൂന്നാം നമ്പറില്‍ പലരെയും മാറിമാറി പരീക്ഷിച്ചിട്ടും ആരും മികവ് തെളിയിക്കാത്തത് ഭാരതത്തിന് തലവേദനയാണ്. ഋഷഭ് പന്തിന്‍റെ അഭാവത്തില്‍ വിക്കറ്റിന് പിന്നില്‍ ധ്രുവ് ജുറെലിന് മികച്ച പ്രകടനം നടത്തിയേ മതിയാകൂ. അതുപോലെ ബാറ്റിങ്ങില്‍ എത്രത്തോളം ശോഭിക്കാന്‍ കഴിയുമെന്ന് കണ്ടറിയണം. കഴിഞ്ഞ മത്സരത്തില്‍ ഇടംകൈയ്യന്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും ഭാരതത്തിനായി അത്യുഗ്രന്‍ പ്രകടനം കാഴ്‌ച്ചവച്ചത് പ്രതീക്ഷ നല്‍കുന്നുണ്ട്.