ലോകപ്രശസ്തമായ മൈസൂരു ദസറ ആഘോഷങ്ങൾക്ക് ഇത്തവണ കൂടുതൽ മാറ്റുകൂട്ടാൻ പോത്തോട്ട മത്സരം (കമ്പള മത്സരം) സംഘടിപ്പിക്കാൻ തീരുമാനം. രണ്ട് പോത്തുകളെ കൂട്ടിക്കെട്ടി ചെളിവയലിലൂടെ ഓടിക്കുന്ന പരമ്പരാഗത മത്സരമാണ് കമ്പള. ദസറയുടെ ചരിത്രത്തിൽ ആദ്യമായാണ് പോത്തോട്ട മത്സരം ഉത്സവത്തിൻ്റെ ഭാഗമാകുന്നത്. കർണാടകത്തിൻ്റെ തീരദേശ ജില്ലകളിലും കേരളത്തിലും ഏറെ ജനപ്രീതിയുള്ള കാർഷിക വിനോദമായ കമ്പളയെ ദസറയുടെ പ്രധാന ആകർഷണങ്ങളിലൊന്നാക്കാനാണ് അധികൃതരുടെ നീക്കം.
കഴിഞ്ഞ വർഷവും കമ്പള ഉൾപ്പെടുത്താൻ ആലോചന ഉണ്ടായിരുന്നെങ്കിലും അനുയോജ്യമായ വേദി കണ്ടെത്താനാകാത്തതിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഇത്തവണ ദസറയ്ക്ക് മാസങ്ങൾ മുമ്പേ തന്നെ ഒരുക്കങ്ങൾ ആരംഭിച്ച് മത്സരം വിജയകരമായി നടത്താനാണ് തീരുമാനം. മത്സരത്തിനായി കുറഞ്ഞത് ഏഴ് ഏക്കർ സ്ഥലം ആവശ്യമാണ്. മത്സരവേദി, കാണികൾക്കുള്ള ഗാലറി, പാർക്കിംഗ് സൗകര്യം, പോത്തുകൾക്ക് വിശ്രമിക്കാനുള്ള ഇടം, സംഘാടകർക്കുള്ള സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കും. വിജയനഗര പ്രദേശവും സതഗള്ളി റിങ് റോഡിന് സമീപമുള്ള വയൽ പ്രദേശവും വേദിയായി പരിഗണനയിലാണ്.

ദസറ ആഘോഷങ്ങളുടെ ഭാഗമായി കമ്പള സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സംസ്ഥാന കമ്പള അസോസിയേഷൻ പ്രതിനിധികളും പങ്കെടുത്തു.

Related Posts