ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പിതാവ് ശേഖപ്പ (22)യെ പൊലീസ് അറസ്റ്റ് ചെയ്തു. വൈറ്റ്ഫീൽഡ് ഡിവിഷൻ പരിധിയിലാണ് സംഭവം. കുഞ്ഞിൻ്റെ മരണത്തിൽ മാതാവ് വിജയലക്ഷ്മിയുടെ പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിച്ചുവരികയാണ്.
സംഭവത്തിന് ശേഷം കുഞ്ഞ് കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതാണെന്നായിരുന്നു മാതാപിതാക്കളുടെ വിശദീകരണം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ശാസ്ത്രീയ തെളിവുകളിലും കുഞ്ഞിൻ്റെ ശരീരത്തിൽ ഗുരുതരമായ മർദനത്തിൻ്റെ പാടുകളും ആന്തരിക രക്തസ്രാവവും കണ്ടെത്തിയതോടെ ഇത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കുഞ്ഞ് വീണുവെന്ന് പറയുന്ന കട്ടിലിന് വെറും രണ്ട് അടി ഉയരമേ ഉണ്ടായിരുന്നുള്ളൂ. ഇത്രയും കുറഞ്ഞ ഉയരത്തിൽ നിന്ന് വീണ് മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്.
അന്വേഷണത്തിൽ, സംഭവദിവസം ദമ്പതികൾ തമ്മിൽ തർക്കമുണ്ടായിരുന്നെന്നും കുഞ്ഞ് കരഞ്ഞതിനെ തുടർന്ന് പ്രകോപിതനായ ശേഖപ്പ കുഞ്ഞിനെ ചവിട്ടുകയും നിലത്തേക്ക് വലിച്ചെറിയുകയും ചെയ്തെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഗുരുതരമായ മർദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവവും ശ്വാസതടസ്സവുമാണ് മരണകാരണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദമ്പതികൾ തമ്മിൽ സ്ഥിരമായി കുടുംബവഴക്കുകൾ ഉണ്ടായിരുന്നുവെന്ന് അയൽവാസികളും മൊഴി നൽകിയിട്ടുണ്ട്. ചോദ്യംചെയ്യലിനിടെയാണ് സംഭവത്തിൻ്റെ യഥാർത്ഥ വിവരങ്ങൾ പുറത്തുവന്നത്. കേസിൽ മാതാവ് വിജയലക്ഷ്മിയുടെ പങ്ക് സംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.