വയനാട് തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപം വൻ മണ്ണിടിച്ചിൽ. കള്ളാടിയിലെ മീനാക്ഷി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ശക്തമായ മഴയെ തുടർന്നാണ് മണ്ണ് വലിയ തോതിൽ ഇടിഞ്ഞുവീണതെന്നാണ് പ്രാഥമിക വിവരം.

മണ്ണിടിച്ചിലിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. ഇതുവരെ മൂന്ന് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

മണ്ണിടിച്ചിലിൽ വാഹനങ്ങളും മണ്ണിനടിയിൽപ്പെട്ടതായി റിപ്പോർട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വലിയ തോതിൽ മണ്ണ് ഇടിഞ്ഞുവീണ് മീനാക്ഷി പാലത്തിൻ്റെ ഭാഗത്തേക്ക് പതിച്ചതോടെ പാലത്തിൻ്റെ സുരക്ഷയെക്കുറിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്. സമീപത്തെ വീടുകളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്ന നടപടികളും ആരംഭിച്ചു.

അപകടത്തെ തുടർന്ന് മേപ്പാടി–ചൂരൽമല റോഡിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. സംഭവത്തെ തുടർന്ന് മന്ത്രി ടി. സിദ്ദിഖ് മുഖ്യമന്ത്രിയുമായി സംസാരിച്ച് രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

മേപ്പാടി മേഖലയിൽ തിങ്കളാഴ്ച അതിതീവ്ര മഴയാണ് ലഭിച്ചത്. മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികളും യാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Related Posts