സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ തിങ്കളാഴ്ച രാത്രി 8.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.
പ്രദേശങ്ങളിൽ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം മാറിത്താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണമെന്നും വള്ളങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കണമെന്നും നിർദേശമുണ്ട്.
മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകളിലേക്കുള്ള യാത്രകളും കടലിലിറങ്ങിയുള്ള വിനോദപ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണം. തീരശോഷണത്തിനും സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.