ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിഫൈനലിൽ ബംഗ്ലാദേശിനെ 114 റൺസിന് തകർത്താണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ചൊവ്വാഴ്ച നടക്കുന്ന സ്വർണ മെഡൽ പോരാട്ടത്തിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ. നേരത്തെ ആദ്യ സെമിയിൽ പാകിസ്ഥാനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് ശ്രീലങ്ക ഫൈനലിലെത്തിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണർ ഷഫാലി വർമ്മയുടെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി. 49 പന്തിൽ ഒമ്പത് സിക്സും മൂന്ന് ഫോറുമടക്കം പുറത്താകാതെ 100 റൺസാണ് ഷഫാലി നേടിയത്. വനിതാ ടി20യിൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായും ഷഫാലി മാറി. നേരത്തെ സ്മൃതി മന്ദാനയും ഹർമൻപ്രീത് കൗറും ഈ നേട്ടം സ്വന്തമാക്കിയിരുന്നു. 2018ൽ ഹർമൻപ്രീത് സ്ഥാപിച്ച ഏറ്റവും വേഗമേറിയ ഇന്ത്യൻ വനിതാ ടി20 സെഞ്ചുറിയുടെ റെക്കോർഡിനൊപ്പവും ഷഫാലി എത്തി. സ്മൃതി മന്ദാന 19 പന്തിൽ 37 റൺസെടുത്തു. ഹർമൻപ്രീത് കൗർ 33 പന്തിൽ 40 റൺസും നേടി. മന്ദാനയ്ക്കൊപ്പം 36 പന്തിൽ 72 റൺസിൻ്റെയും ഹർമൻപ്രീതിനൊപ്പം 55 പന്തിൽ 94 റൺസിൻ്റെയും കൂട്ടുകെട്ടാണ് ഷഫാലി പടുത്തുയർത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 15.4 ഓവറിൽ 81 റൺസിന് ഓൾഔട്ടായി. ദീപ്തി ശർമ 2.4 ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. നന്ദനി ശർമ നാല് ഓവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ശ്രീ ചരണി മൂന്ന് ഓവറിൽ ഏഴ് റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി. 23 പന്തിൽ 27 റൺസെടുത്ത ദിലാര അക്തറാണ് ബംഗ്ലാദേശിൻ്റെ ടോപ് സ്കോറർ.