വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചികിത്സാച്ചെലവും സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്രം നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങളും നിബന്ധനകളും കരാർ കമ്പനി പാലിച്ചിട്ടുണ്ടോയെന്ന് സമഗ്രമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ണ് നീക്കം ചെയ്യുന്നതിൽ ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മരിച്ച അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ സ്വദേശങ്ങളിലെത്തിക്കാൻ സർക്കാർ എല്ലാ ക്രമീകരണങ്ങളും ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി ആഘാത പഠനവും മണ്ണിൻ്റെ സുരക്ഷാ പരിശോധനയും നിർബന്ധമായും നടത്തണമെന്ന നിലപാട് നേരത്തേ തന്നെ താൻ സ്വീകരിച്ചിരുന്നുവെന്നും, ഇപ്പോഴത്തെ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മണ്ണിടിച്ചിലിൽ കാണാതായ എം.ഡി. ഇംറാൻ, ബിക്രം സിങ് റാണ, രാഹുൽ ശർമ, രാകേഷ്, അൻസാരി എന്നിവർക്കായുള്ള തെരച്ചിൽ രണ്ടാം ദിവസവും തുടരുകയാണ്. മീനാക്ഷി പാലത്തിന് സമീപം കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും ഡ്രോണുകളും സ്പോട്ട്-ലൊക്കേഷൻ ക്യാമറകളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
ഇന്നലെ മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങളുടെ പോസ്റ്റ് മോർട്ടം വൈത്തിരി താലൂക്ക് ആശുപത്രിയിൽ പൂർത്തിയാക്കി. തുടർന്ന് എംബാമിംഗ് നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള നടപടികളും പുരോഗമിക്കുകയാണ്.