രാഷ്ട്രപതി ദ്രൗപദി മുർമു വ്യാഴാഴ്ച കോട്ടയത്തും വർക്കല ശിവഗിരിയിലും എത്തും. പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ശിവഗിരി സന്ദർശനത്തിനും ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദി ആചരണം ഉദ്ഘാടനം ചെയ്യും.
12.30ന് പാപനാശം ഹെലിപാഡിൽ എത്തുന്ന രാഷ്ട്രപതി റോഡ് മാർഗം ശിവഗിരിയിലെത്തും. 12.40ന് സമാധി മണ്ഡപം സന്ദർശിച്ച ശേഷം 12.50ന് തീർഥാടന സമ്മേളന വേദിയിലെത്തുന്ന രാഷ്ട്രപതി മഹാസമാധി ശതാബ്ദി ആചരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മന്ത്രിമാരായ വി.എൻ. വാസവൻ, വി. ശിവൻകുട്ടി, അടൂർ പ്രകാശ് എം.പി, വി. ജോയി എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. ശിവഗിരി മഠത്തിൽ ഉച്ചഭക്ഷണം കഴിഞ്ഞ് 2.40ന് രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് പോകും.