കേരള സമാജം (രജി.) കർണാടക ഈസ്റ്റ് ഡിവിഷൻ ഒരുക്കിയ ‘കലാക്ഷേത്രം’ പദ്ധതിയുടെ ഉദ്ഘാടനം ആലുവ എം.എൽ.എ. അൻവർ സാദത്ത് നിർവഹിച്ചു. ബെംഗളൂരുവിലെ മലയാളി സമൂഹത്തിൻ്റെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനൊപ്പം കേരളീയ കലാപാരമ്പര്യത്തെ സംരക്ഷിക്കാനും പുതുതലമുറയിലേക്ക് പകർന്നു നൽകാനും ‘കലാക്ഷേത്രം’ സഹായകരമാകുമെന്ന് അൻവർ സാദത്ത് എം.എൽ.എ. ഓർമിപ്പിച്ചു. ഭാവി പരിപടികളിലേക്കുള്ള എല്ലാ വിധ സഹായ സഹകരണ വാഗ്ദാനം സദസ്സ് കൈയ്യടികളോടെയാണ്‌ സ്വീകരിച്ചത്.

കേരളീയ കലാ-സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുകയും പുതുതലമുറയിലേക്ക് പകർന്നു നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ‘കലാക്ഷേത്രം’ അവതരിപ്പിച്ചത്.

ചടങ്ങിൽ കലാ-സാംസ്കാരിക രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ച് പ്രൊഫ. ലേഖ തങ്കച്ചിയെ എം.എൽ.എ. അൻവർ സാദത്ത് ആദരിച്ചു. കേരളത്തിൽ ഉത്ഭവിച്ച ആധുനിക ശാസ്ത്രീയ നൃത്തരൂപമായ ‘കേരള നടന’ത്തിലെ മുൻനിര പ്രവർത്തനങ്ങൾക്കും സംഭാവനകൾക്കുമാണ് അവർ ഏറ്റവും പ്രശസ്തയായത്.

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കാപ്പാനി ചടങ്ങിൽ പങ്കെടുത്ത് കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ്റെ പ്രവർത്തനങ്ങളെയും ‘കലാക്ഷേത്രം’ പോലുള്ള സാംസ്കാരിക സംരംഭങ്ങളെയും അഭിനന്ദിച്ചു. മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്നതിനും കേരളീയ കലാ-സാംസ്കാരിക പൈതൃകം നിലനിർത്തുന്നതിനും സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ മഹാദേവപുര എം.എൽ.എ മഞ്ജുള ലിംബാവലി, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി റിങ്കൂ ചെറിയാൻ, എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളി, കേരള സമാജം (രജി.) കർണാടക രക്ഷാധികാരി സി.പി. രാധാകൃഷ്ണൻ, അൻസാർ മാനാടത്ത്, ജെയ്ജോ ജോസഫ്, കർണാടക സ്റ്റേറ്റ് കമ്മിറ്റി പ്രസിഡണ്ട് എസ് കെ പിള്ള , ട്രഷറർ യു ഡി നായർ, ബെംഗളൂരു ഈസ്റ്റ് ഡിവിഷനിൽ നിന്ന് മഹേഷ് ചെല്ലപ്പൻ വൈസ് ചെയർമാൻ, അനിൽകുമാർ കെ പി വൈസ് ചെയർമാൻ, ഷാജി ഡി കൺവീനർ, ജിജു സിറിയക് ഫൈനാൻസ് കൺവീനർ എന്നിവരും ആശംസകളറിയിച്ചു.

കേരള സമാജം (രജി.) കർണാടക ഈസ്റ്റ് ഡിവിഷൻ ചെയർമാൻ ഷിജോ ഫ്രാൻസിസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് വിവിധ പരിപാടികൾ ചർച്ച ചെയ്തു . പ്രൊഫസർ ലേഖ തങ്കച്ചിയുടെ വർക്ഷോപ്പുകൾ, അഡ്വ. ജുനൈദ് കൈപ്പാനിയുടെ ശിൽപ്പശാലകൾ, പരിശീലന പരിപാടികൾ, വിദ്യാഭ്യാസ സെമിനാറുകൾ, വലിയ ഫീസ് ഈടാക്കാതെ, എന്നാൽ അധ്യാപകർക്ക് വരുമാനം കിട്ടുന്ന രീതിയിൽ മ്യൂസിക്കൽ ഇൻസ്ട്രുമെന്റ്സിൻ്റെ കോച്ചിങ്, ലീഡർഷിപ്പ് കോച്ചിങ്ങുകൾ, അതേപോലെ തന്നെ മറ്റു പെർഫോമിംഗ് ആർട്സ്, ഡാൻസ്, കളരിപ്പയറ്റ് എന്നിവയുടെ എല്ലാം ക്ലാസുകൾ ആസൂത്രണം ചെയ്യാൻ തീരുമാനിച്ചു. ഭാവി പരിപാടികളുടെ നടത്തിപ്പിനായി വൈസ് ചെയര്മാൻ അനിൽ കുമാറിനെ തെരഞ്ഞെടുത്തു.

ബന്ധപ്പെടാനുള്ള നമ്പർ : 9945340515

Related Posts