കൈരളി കലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “സാഹിത്യോത്സവം 2026” ബെംഗളൂരുവിൽ വൈവിധ്യമാർന്ന സാഹിത്യ – സാംസ്കാരിക പരിപാടികളോടെ നടന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച സാഹിത്യ സമ്മേളനം പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു. കൈരളി കലാസമിതി പ്രസിഡണ്ട് സുധാകരൻ രാമന്തളി അധ്യക്ഷത വഹിച്ചു. കൈരളി കലാസമിതി ജനറൽ സെക്രട്ടറി പി.കെ. സുധീഷ് സ്വാഗതപ്രസംഗം നടത്തി. വിഷ്ണുമംഗലം കുമാർ, ഡെന്നിസ് പോൾ, സതീഷ് തോട്ടശ്ശേരി, അജിത് കോടോത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന് പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ‘എഴുത്ത് സൃഷ്ടിക്കുന്ന സംസ്കാരം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. തുടർന്ന്, 13-ാം വയസ്സിൽ 11 പുസ്തകങ്ങൾ രചിച്ച് ശ്രദ്ധേയനായ ബാലസാഹിത്യകാരൻ ഓസ്റ്റിൻ അജിത്തിനെ കൈരളി കലാസമിതി ആദരിച്ചു. തുടർന്ന് പ്രശസ്ത കവി റഫീഖ് അഹമ്മദ് ‘മലയാള കവിതയുടെ വർത്തമാനം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ബെംഗളൂരുവിലെ പ്രമുഖ കവികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കവിയരങ്ങും അരങ്ങേറി. ശുഭ ദിനേശ് അവതരിപ്പിച്ച ‘ആരുടെ പതാക’ എന്ന ഏകപാത്ര നാടകം അരങ്ങേറി. തുടർന്ന് ഇ. പി. രാജഗോപാലൻ ‘മലയാള നാടകവേദി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പ്രകാശ് ബാരെ, അനിൽ തിരുമംഗലം, കെ. ആർ. കിഷോർ എന്നിവർ പങ്കെടുത്ത സംവാദവും നടന്നു.
വൈകിട്ട് നടന്ന കൈരളി കലാസമിതി മലയാള സാഹിത്യ പുരസ്കാര സമർപ്പണച്ചടങ്ങിൽ കൈരളി കലാസമിതി ജനറൽ സെക്രട്ടറി പി.കെ.സുധീഷ് സ്വാഗതം ആശംസിച്ചു. കൈരളി കലാസമിതി പ്രസിഡണ്ട് സുധാകരൻ രാമന്തളി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത കന്നഡ കവി ഡോ. ഹംപ നാഗരാജയ്യ മുഖ്യാതിഥിയായി. ഡോ. ഹംപ നാഗരാജയ്യയിൽ നിന്ന് സാറാ ജോസഫ് കൈരളി കലാസമിതി മലയാള സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും ഷഫീക് പുനത്തിൽ രൂപകൽപന ചെയ്‌ത ശിൽപവും അടങ്ങുന്നതായിരുന്നു പുരസ്കാരം.
ചടങ്ങിൽ സുഭാഷ് ചന്ദ്രൻ, റഫീഖ് അഹമ്മദ്, ഇ. പി. രാജഗോപാലൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കെ. രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തി. പുരസ്കാര സമർപ്പണച്ചടങ്ങിന് ശേഷം കല്ലറ ഗോപൻ, ചെങ്ങന്നൂർ ശ്രീകുമാർ, റിനാ മുരളി എന്നിവർ നയിച്ച ‘മധുര ഗീതങ്ങൾ’ എന്ന സംഗീതവിരുന്നോടെ സാഹിത്യോത്സവം സമാപിച്ചു. പഴയകാല മലയാള ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കിയ സംഗീതസന്ധ്യയോടെ പരിപാടികൾക്ക് തിരശ്ശീല വീണു.