കേരളത്തിൻ്റെ നിർദ്ദിഷ്ട അതിവേഗ റെയിൽപ്പാത കണ്ണൂരിൽ നിന്ന് മംഗളൂരു വരെ നീട്ടാനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നതായി റിപ്പോർട്ട്. മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻഗണന നൽകുന്ന ‘മിഷൻ സമുദ്ര’ പദ്ധതിയുമായി അതിവേഗ റെയിൽപ്പാതയെ ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വിഴിഞ്ഞം തുറമുഖവും മംഗളൂരു തുറമുഖവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി ചരക്കുനീക്കത്തിനും സാമ്പത്തിക വളർച്ചയ്ക്കും കൂടുതൽ വേഗം നൽകാനാകുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ.
നിലവിലെ പദ്ധതിപ്രകാരം തിരുവനന്തപുരം പൂജപ്പുര മുതൽ കണ്ണൂരിലെ മുണ്ടയാട് വരെയാണ് ആദ്യഘട്ടത്തിൽ അതിവേഗ റെയിൽപ്പാത നിർമ്മിക്കുക. തുടർന്ന് രണ്ടാംഘട്ടത്തിൽ കാസർകോട് വഴി മംഗളൂരു വരെ പാത നീട്ടുന്നതിനായി കർണാടക സർക്കാരുമായി ചർച്ച നടത്താനാണ് ആലോചിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളെയും പ്രധാന തുറമുഖങ്ങളെയും ബന്ധിപ്പിക്കുന്ന ഗതാഗത ശൃംഖലയാക്കി അതിവേഗ റെയിൽപ്പാതയെ വികസിപ്പിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. കണ്ണൂർ വരെ മാത്രം പാത അവസാനിപ്പിക്കുന്നതിനെതിരെ കാസർകോട് മേഖലയിൽ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും, ആദ്യഘട്ടത്തിൽ കണ്ണൂർ വരെ നിർമിക്കുന്നതാണ് സാമ്പത്തികമായും സാങ്കേതികമായും പ്രായോഗികമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നിർമാണച്ചെലവ് കുറയ്ക്കാനും യാത്രക്കാരുടെ സാധ്യത കണക്കിലെടുക്കാനുമാണ് ഈ സമീപനം.
ഭാവിയിൽ ദേശീയ അതിവേഗ റെയിൽ ശൃംഖലയുമായി ബന്ധിപ്പിച്ച് മംഗളൂരു വഴി മുംബൈ വരെ സർവീസ് വിപുലീകരിക്കാനും ഈ പദ്ധതി സഹായകരമാകും. ഇക്കാര്യത്തിൽ കർണാടക സർക്കാരിൻ്റെ സഹകരണം നിർണായകമാണ്. നിലവിൽ കേരളത്തിലും കർണാടകയിലും കോൺഗ്രസ് സർക്കാരുകളുള്ളതിനാൽ പദ്ധതിയിൽ മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷ ശക്തമാണ്.