ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടക സംസ്ഥാന ഘടകം വാർഷിക പൊതുയോഗം ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ വെച്ച് നടന്നു. യോഗത്തിൽ ചെയർപേഴ്സൺ ലത നമ്പൂതിരി അധ്യക്ഷത വഹിച്ചു. 2025-26ലെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി വിനു തോമസ് അവതരിപ്പിച്ചു. സംഘടനയുടെ വരവു ചെലവ് കണക്കുകൾ ട്രഷറർ സതീഷ്.എസ് അവതരിപ്പിച്ചു. യോഗം ഐക്യകണ്ഠേന സെക്രട്ടറിയുടെ റിപ്പോർട്ടും ട്രഷറുടെ വരവ് ചില കണക്കുകളും അംഗീകരിച്ചു. എയ്‌മയുടെ 2026-27 ഭാവി പദ്ധതികൾ യോഗത്തിൽ അവതരിപ്പിക്കുകയും യോഗം അംഗീകരിക്കുകയും ചെയ്തു.

മുഖ്യമായും താഴെപ്പറയുന്ന പരിപാടികൾ എയ്‌മ ജനറൽ ബോഡി അംഗീകരിച്ചു.

എയ്‌മ ജ്വാല (AIMA JWALA)
മലയാള ഭാഷയുടെ പ്രചാരവും പൊതുപ്രസംഗശേഷിയുടെ വളർച്ചയും നേതൃത്വഗുണങ്ങളും ആത്മവിശ്വാസവും കുട്ടികളിലും യുവജനങ്ങളിലും മുതിർന്നവരിലും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കർണാടക സംസ്ഥാനതല മലയാളം പ്രസംഗ മത്സരമായ ‘എയ്‌മ ജ്വാല’ എന്ന പരിപാടിയുടെ പ്രഥമ മത്സരം 2026 ഓഗസ്റ്റിൽ സംഘടിപ്പിക്കും. സജീവ് കുമാർ ആയിരിക്കും ഈ പരിപാടി കോർഡിനേറ്റർ.

എയ്‌മ ഡാൻസ് ഫെസ്റ്റ് & മെഗാ സാംസ്കാരിക പരിപാടി
കേരളത്തിൻ്റെ സമ്പന്നമായ നൃത്ത-കലാപാരമ്പര്യം ആഘോഷിക്കുന്നതിനും കലാസാംസ്കാരിക മികവ് പ്രോത്സാഹിപ്പിക്കുന്നതിനുമായി എയ്‌മ ഡാൻസ് ഫെസ്റ്റ് സംഘടിപ്പിക്കാൻ എയ്‌മ കർണാടക പദ്ധതിയിടുന്നു.
കർണാടകയിലെ വിവിധ നൃത്തവിദ്യാലയങ്ങളെയും കലാകാരന്മാരെയും സാംസ്കാരിക സംഘടനകളെയും ഒരുമിപ്പിക്കുന്ന ഈ മുഴുവൻ ദിവസത്തെ സാംസ്കാരികോത്സവത്തിൽ ശാസ്ത്രീയവും സമകാലികവുമായ നൃത്തരൂപങ്ങൾ അവതരിപ്പിക്കപ്പെടും. കലാപരമായ ആശയവിനിമയത്തിനും സാംസ്കാരിക കൈമാറ്റത്തിനും ഈ വേദി സഹായകമാകും. പരിപാടികളുടെ സമാപനമായി, രാജ്യത്തെ പ്രശസ്തരും പ്രഗത്ഭരുമായ പ്രൊഫഷണൽ നർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു മെഗാ സാംസ്കാരിക പരിപാടി സംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്നു. ലതാ നമ്പൂതിരി, ലിങ്കൺ വാസുദേവൻ, ബിനു ദിവാകരൻ.എന്നിവരാണ് പരിപാടി കോർഡിനേറ്റർമാർ.

എയ്‌മ മൊബിലിറ്റി എയ്ഡ് പദ്ധതി (AIMA Mobility Aid Programme)
ഏയ്മ കർണാടകയുടെ മാനവിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി AIMA Mobility Aid Programme ആരംഭിക്കുന്നു. രോഗം, ശസ്ത്രക്രിയ, അപകടം എന്നിവയിൽ നിന്ന് സുഖം പ്രാപിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് താൽക്കാലിക ഉപയോഗത്തിനായി വീൽചെയർ പോലുള്ള സഞ്ചാരസഹായ ഉപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിക്കായി ഇതിനകം തന്നെ രണ്ട് വീൽചെയറുകൾ സേവനത്തിനായി സജ്ജമാണെന്ന് സന്തോഷപൂർവ്വം അറിയിക്കുന്നു. ആവശ്യക്കാർ വർധിക്കുന്നതനുസരിച്ച് അംഗങ്ങളുടെയും സുമനസ്സുകളുടെയും സഹകരണത്തോടെ കൂടുതൽ വീൽചെയറുകൾ സമാഹരിക്കുന്നതാണ്. വീൽചെയറുകൾ യാതൊരു വാടകയോ ഫീസോ ഈടാക്കാതെ താൽക്കാലികമായി നൽകുന്നതും, രോഗി സുഖം പ്രാപിച്ചതിന് ശേഷം തിരികെ സ്വീകരിച്ച് മറ്റ് അർഹരായ രോഗികൾക്കും ഉപയോഗിക്കാൻ സൗകര്യമൊരുക്കുന്നതുമാണ് പദ്ധതിയുടെ പ്രത്യേകത. ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കേണ്ട അർഹരായ വ്യക്തികളെ അറിയാവുന്ന അംഗങ്ങളും, വീൽചെയറുകളോ മറ്റ് മൊബിലിറ്റി ഉപകരണങ്ങളോ സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവരും സെക്രട്ടറിയുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു. വിനു തോമസ്, സന്ധ്യ അനിൽ എന്നിവരാണ് ഈ പരിപാടി കോർഡിനേറ്റർമാർ.

യോഗത്തിൽ എയ്‌മ ദേശീയ സീനിയർ വൈസ് പ്രസിഡണ്ട് ബിനു ദിവകാരൻ, ലതാ നമ്പൂതിരി(ചെയർപേഴ്സൺ), സി പി രാധാകൃഷ്ണൻ, സന്ധ്യ അനിൽ, ബിനു വി ആർ എന്നിവർ സംസാരിച്ചു. പ്രസിഡണ്ട് ലിങ്കൻ വാസുദേവനും സെക്രട്ടറി വിനു തോമസും അറിയിച്ചു.

Related Posts