മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് 45 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുൻ കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ആർ.എൽ. ജാലപ്പയുടെ മരുമകൾ നാഗവേണിക്ക് പ്രത്യേക കോടതി അഞ്ച് വർഷം തടവുശിക്ഷ വിധിച്ചു.

2019ൽ എംബിബിഎസ് സീറ്റ് ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് ബിടിഎം ലേഔട്ട് സ്വദേശിയായ പ്രകാശ് കുമാർ യാരപ്പയിൽ നിന്ന് 45 ലക്ഷം രൂപ വാങ്ങിയെങ്കിലും സീറ്റ് ലഭ്യമാക്കുകയോ പണം തിരികെ നൽകുകയോ ചെയ്തില്ലെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

നാഗവേണിയുടെ ഭർത്താവും മുൻ എംഎൽഎയുമായ ജെ. നരസിംഹ സ്വാമിയായിരുന്നു കേസിലെ ഒന്നാം പ്രതി. എന്നാൽ 2024ൽ അദ്ദേഹം മരണപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിനെതിരായ നടപടികൾ അവസാനിച്ചു. കേസിലെ മറ്റ് രണ്ട് പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.

പണം നഷ്ടമായതിനെ തുടർന്ന് പ്രകാശ് കുമാർ യെലഹങ്ക പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിന് ശേഷം സമർപ്പിച്ച കുറ്റപത്രം പരിഗണിച്ച പ്രത്യേക കോടതിയാണ് നാഗവേണിയെ കുറ്റക്കാരിയെന്ന് കണ്ടെത്തി അഞ്ച് വർഷം തടവിനും ശിക്ഷ വിധിച്ചത്.

Related Posts