ബെംഗളൂരുവിലെ പാർക്ക് ഭൂമിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട കർണാടക സർക്കാർ പാർക്ക്സ് (പ്രിസർവേഷൻ) (അമെൻഡ്മെന്റ്) ബിൽ, 2026 പാസാക്കിയതിനെ ന്യായീകരിച്ച് ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. പാർക്ക് ഭൂമിയുടെ പരമാവധി അഞ്ച് ശതമാനം വരെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി മാത്രം ഉപയോഗിക്കാൻ അനുവദിക്കുന്നതാണ് ഭേദഗതിയെന്ന് അദ്ദേഹം പറഞ്ഞു.
റോഡ് വീതി കൂട്ടൽ ഉൾപ്പെടെയുള്ള ചില പദ്ധതികൾക്കായി പാർക്ക് ഭൂമി ആവശ്യമായി വരാറുണ്ട്. ഇത്തരം ആവശ്യങ്ങൾക്ക് സ്വകാര്യ ഭൂമി ഏറ്റെടുക്കുകയാണെങ്കിൽ മാർഗനിർദേശ വിലയുടെ ഇരട്ടിയോളം നഷ്ടപരിഹാരം നൽകുകയോ ടിഡിആർ അനുവദിക്കുകയോ വേണം. ഈ സാഹചര്യത്തിലാണ് ഭേദഗതി കൊണ്ടുവന്നതെന്നും ശിവകുമാർ വ്യക്തമാക്കി.
നിയമത്തെ ബിജെപി എതിർക്കുന്നതിനെതിരെയും അദ്ദേഹം രംഗത്തെത്തി. ബിജെപി അധികാരത്തിലിരുന്നപ്പോൾ പാർക്ക് ഭൂമി പാർട്ടി പ്രവർത്തകർക്ക് അനുവദിച്ച സംഭവങ്ങളുണ്ടായിരുന്നുവെന്ന് ആരോപിച്ച ശിവകുമാർ, കോൺഗ്രസ് സർക്കാർ പാർക്ക് ഭൂമിയിൽ കെട്ടിടങ്ങൾ നിർമിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
“സദാശിവനഗറിലെ എൻ്റെ വീട്ടിൽ നിന്ന് രണ്ട് മിനിറ്റ് മാത്രം അകലെയുള്ള ഒരു പാർക്ക് ഇപ്പോൾ ബിജെപി അംഗങ്ങൾക്ക് നൽകിയിരിക്കുകയാണ്. ബിജെപി നൽകിയ പാർക്കുകളുടെ പട്ടിക ഞാൻ പുറത്തുവിടണോ? ഞങ്ങൾ അങ്ങനെ ചെയ്യില്ല. പാർക്ക് ഭൂമിയിൽ നിർമാണം നടത്തില്ല,” എന്നായിരുന്നു ശിവകുമാറിൻ്റെ പ്രതികരണം.
അതേസമയം, ഭേദഗതി നിയമം നിർദ്ദിഷ്ട ടണൽ റോഡ് പദ്ധതിക്ക് വേണ്ടിയാണെന്ന ബിജെപിയുടെ ആരോപണം ശിവകുമാർ തള്ളി. ടണൽ റോഡ് ലാൽബാഗിൻ്റെ ഒരു ചെറിയ ഭാഗത്തിന് അടിയിലൂടെ മാത്രമാണ് കടന്നുപോകുന്നതെന്നും നിർമാണത്തിനായി ഏതാനും മാസങ്ങൾ മുതൽ ഒരു വർഷം വരെ താൽക്കാലികമായി പാർക്ക് ഭൂമി ഉപയോഗിക്കേണ്ടിവരാമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ഈ ഭൂമി ആവശ്യമുണ്ടാകില്ലെന്നും വ്യക്തമാക്കി.
എന്നാൽ ടണൽ റോഡ് പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (DPR) പ്രകാരം ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലെ ഏകദേശം ആറ് ഏക്കർ ഭൂമി താൽക്കാലിക ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ടിവരും. ഇതിന് പുറമെ ഒരു ഏക്കർ ഭൂമി സ്ഥിരമായി ഏറ്റെടുക്കാനും പദ്ധതിയിലുണ്ട്. പദ്ധതിയുടെ കൺസഷൻ കരാർ പ്രകാരം സ്ഥിരമായി ഏറ്റെടുക്കുന്ന ഈ ഒരു ഏക്കർ ഭൂമിയിൽ വാണിജ്യ വികസനം നടത്താനും അനുമതിയുണ്ട്.
നിയമത്തിന് ഗവർണറുടെ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിമാരായ ശോഭ കരന്ദ്ലാജെയും എൽ.എസ്. തേജസ്വി സൂര്യയും ഗവർണർ താവർചന്ദ് ഗെഹ്ലോട്ടിനെ സമീപിച്ച സാഹചര്യത്തിലാണ് ശിവകുമാറിൻ്റെ പ്രതികരണം.