അടഞ്ഞ അധ്യായമാണ് ‘കെ റെയില്‍’ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതിവേഗ റെയില്‍ ഉണ്ടാവും. അത് ഏത് പദ്ധതിയായാലും കുഴപ്പമില്ല. കേരള സര്‍ക്കാരിന് പിടിവാശിയൊന്നുമില്ല എന്നും ബിനോയ് വിശ്വം പറഞ്ഞു. ‘പദ്ധതിയുടെ പേരല്ല വിഷയം. ആളുകള്‍ക്ക് സഞ്ചരിക്കാന്‍ ഉചിതമായ മാര്‍ഗം വേണം. കേരളത്തിന്‍റെ പ്രശ്‌നം സ്ഥലലഭ്യതയാണ്. ജനങ്ങളുടെ ജീവിതത്തെയും അവരുടെ വാസസ്ഥലങ്ങളെയും കൃഷിയിടങ്ങളെയും ബാധിക്കാതെ ഏറ്റവും ചുരുങ്ങിയ സ്ഥലവിനിയോഗത്തില്‍ ഏറ്റവും വേഗതയേറിയ യാത്രാ മാര്‍ഗമാണ് ആവശ്യം. പ്രാധാന്യം കൊടുക്കേണ്ടത് തര്‍ക്കങ്ങള്‍ക്കല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

കോണ്‍ഗ്രസ് എംപി ശശി തരൂരിനെയും ബിനോയ് വിശ്വം വിമർശിച്ചു. തരൂര്‍ പൂര്‍ണ്ണമായും കോണ്‍ഗ്രസ് പടയാളിയായി എല്ലാ രംഗത്തുമുണ്ടാവുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ കൂടിക്കാഴ്ചയിലും കോണ്‍ഗ്രസിനോടുള്ള വിധേയത്വവും ബന്ധവുമാണ് തരൂര്‍ ഉറപ്പിക്കാന്‍ ശ്രമിച്ചത്. ഈ ഉറപ്പിന് എത്രമാസത്തെ വാറന്റിയുണ്ടെന്നാണ് തനിക്ക് ചോദിക്കാനുള്ളതെന്നും ബിനോയ് വിശ്വം പറഞ്ഞു. ബിജെപി സര്‍ക്കാരിനെ പിന്താങ്ങുന്നതിനെക്കുറിച്ച് ഇന്ത്യയെ പിന്താങ്ങുന്നുവെന്നാണ് തരൂര്‍ പറയുന്നത്. ബിജെപി സമം ഇന്ത്യ എന്ന് പറയുന്നത് കോണ്‍ഗ്രസ് വര്‍ക്കിംഗ് അംഗമാണ്. കോണ്‍ഗ്രസിന് അതിനെക്കുറിച്ച് ഒന്നും പറയാനില്ലേയെന്ന് ബിനോയ് വിശ്വം ചോദിച്ചു.

Related Posts