സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ഇനി മദ്യം വിളമ്പാം. അനുമതി നൽകി സർക്കാർ ഉത്തരവ് പുറത്തിറക്കി. വാർഷിക ലൈസൻസ് ഫീസ് ആയി 10 ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഉച്ചയ്ക്കു 12 മുതൽ രാത്രി 12 വരെയാണ് പ്രവർത്തന സമയം. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ലൈസൻസിന് അപേക്ഷിക്കാം. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ അനുവദിക്കൂ. ഫോറിൻ ലിക്കർ ഇൻഫർമേഷൻ ടെക്നോളജി പാർക്ക് ലോഞ്ച് ലൈസൻസ് ഐടി പാർക്കുകളുടെ ഡെവലപ്പർമാരുടെ പേരിലാവും നൽകുക.
ഒരു ലൈസൻസേ ഒരു ഡെവലപ്പർക്ക് നൽകൂ. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ അംഗീകാരമുള്ള സ്റ്റാഫിനു പുറമേ അതിഥികൾ, ഔദ്യോഗിക സന്ദർശകർ, എന്നിവർക്കു മാത്രമേ മദ്യം നൽകാൻ കഴിയൂ. ഓഫിസ് കെട്ടിടമല്ലാതെ മറ്റൊരു കെട്ടിടത്തിൽ വേണം ഇതിനുള്ള സൗകര്യം ഒരുക്കേണ്ടത്. വിദേശമദ്യം വാങ്ങാൻ എഫ്എൽ 9 ലൈസൻസ് ഉള്ളവരിൽ നിന്നു മാത്രമേ കമ്പനികൾക്ക് അനുമതിയുള്ളു. ഒന്നാം തീയതിയും സർക്കാർ നിശ്ചയിച്ച മറ്റ് ഡ്രൈ ഡേകളിലും മദ്യം വിൽക്കാൻ അനുമതിയില്ല.