വി.ഡി. സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ധനകാര്യ വകുപ്പിൻ്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം നടത്തുക. ക്ഷേമപദ്ധതികൾ, പെൻഷൻ വർധന, സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ, വരുമാന വർധനയ്ക്കുള്ള പുതിയ നിർദേശങ്ങൾ എന്നിവയാണ് ബജറ്റിലെ പ്രധാന പ്രതീക്ഷകൾ.

സാമ്പത്തിക പ്രതിസന്ധിയും 5 ലക്ഷം കോടിയിലേറെ കടബാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിൽ ജനക്ഷേമ പ്രഖ്യാപനങ്ങൾക്കും വികസന പദ്ധതികൾക്കുമായി ആവശ്യമായ ധനസമാഹരണം എങ്ങനെ ഉറപ്പാക്കുമെന്നതും ശ്രദ്ധേയമാണ്. ഇന്ദിര ഗ്യാരണ്ടി പദ്ധതികളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ, ഉമ്മൻചാണ്ടിയുടെ പേരിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ക്ഷേമപെൻഷൻ വർധന തുടങ്ങിയവ ബജറ്റിൽ ഇടംപിടിച്ചേക്കുമെന്നാണ് സൂചന.

സർക്കാർ ജീവനക്കാർക്കായി ഡി.എയുടെ ഒരു ഗഡു മുൻകൂറായി അനുവദിക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നു. അതേസമയം, പെൻഷൻ പ്രായവർധന പോലുള്ള വിവാദ തീരുമാനങ്ങൾ ഈ ബജറ്റിൽ ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.

കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ സമഗ്ര പുനഃസംഘടന പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിൽ പുരോഗമിക്കുന്ന പദ്ധതികൾ തുടർന്നുകൊണ്ടുപോകുന്നതിനായിരിക്കും സർക്കാർ മുൻഗണന നൽകുക. വരുമാനം വർധിപ്പിക്കാൻ മദ്യവില വർധന, നികുതി-സെസ് പരിഷ്കാരങ്ങൾ തുടങ്ങിയ നിർദേശങ്ങളും ബജറ്റിൽ ഉൾപ്പെട്ടേക്കാം.

‘ബജറ്റിൽ വിസ്മയങ്ങൾ ഉണ്ടാകും’ എന്ന മുഖ്യമന്ത്രിയുടെ മുൻപ്രസ്താവനയോടെ ജനങ്ങളുടെ പ്രതീക്ഷയും ഉയർന്നിരിക്കുകയാണ്. സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ് കേരളത്തിൻ്റെ സാമ്പത്തിക ദിശയെ എങ്ങനെ സ്വാധീനിക്കുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം.

Related Posts