സംയുക്ത ട്രേഡ് യൂണിയനുകൾ ഇന്ന് നടത്തിയ ഭാരത് ബന്ദ് യഥാർഥത്തിൽ കേരള ബന്ദ് മാത്രമായി ഒതുങ്ങി എന്നത് ഖേദകരമായ ഒരു വൈരുദ്ധ്യമാണെന്ന് ശശി തരൂർ എംപി. ഇന്ത്യയുടെ മറ്റു ഭാഗങ്ങൾ ഇത്തരം നിർബന്ധിത തടസപ്പെടുത്തലുകൾക്ക് അപ്പുറത്തേക്ക് വളർന്നപ്പോൾ, സംഘടിത ന്യൂനപക്ഷം അസംഘടിതരായ ഭൂരിപക്ഷത്തിന് മേൽ നടത്തുന്ന ഈ അതിക്രമത്തിന് മുന്നിൽ കേരളം മാത്രം ഇപ്പോഴും ബന്ദിയാക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിൽ പ്രവേശിച്ചത് മുതൽ എന്റെ നിലപാട് വ്യക്തമാണ്, തടസപ്പെടുത്താനുള്ള അവകാശത്തെയല്ല, പ്രതിഷേധിക്കാനുള്ള അവകാശത്തെ താൻ പിന്തുണയ്ക്കുന്നു, എന്നാൽ മറ്റൊരാളുടെ സ്വതന്ത്രമായ സഞ്ചാരത്തെ തടയാൻ ഒരു ഇന്ത്യക്കാരനും ഭരണഘടനാപരമായ അവകാശമില്ലെന്നും തരൂർ ഫേസ്ബുക്കിൽ കുറിച്ചു.
‘നമ്മുടെ യൂണിയൻ പ്രവർത്തനങ്ങൾ കാരണം വ്യവസായങ്ങളെ നാം ഇവിടുന്ന് ഓടിച്ചുവിട്ടു. ഇപ്പോൾ സ്വന്തം വീടുകളിൽ പൗരന്മാരെ തടവുകാരാക്കുകയും കടയുടമകളെ ഷട്ടറുകൾ താഴ്ത്താൻ നിർബന്ധിക്കുകയും ചെയ്യുന്ന ഇത്തരം പഴഞ്ചൻ കായികബല രീതികളിൽ കടിച്ചു തൂങ്ങുന്നതിലൂടെ, സംരംഭകർക്കും യുവാക്കൾക്കും നമ്മുടെ സംസ്ഥാനം ഒട്ടും അനുയോജ്യമല്ലെന്ന് നാം ഉറപ്പുവരുത്തുകയാണ്.
വ്യാപാരവും ദൈനംദിന ജീവിതവും ഗതാഗതവും തടസ്സപ്പെടുത്തി ഒരു സംസ്ഥാനത്തെ സ്തംഭിപ്പിക്കുന്നത് സാധാരണക്കാരന്റെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. ഈ ശീലം ഉപേക്ഷിക്കാൻ സമയമായിരിക്കുന്നു. ക്രിയാത്മകമായ വിയോജിപ്പുകൾ കൊണ്ട് നമുക്ക് ഇതിനെ മാറ്റിസ്ഥാപിക്കാവുന്നതേയുള്ളൂ’ തരൂർ കൂട്ടിച്ചേർത്തു