ഇസ്രയേൽ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കവെ, ഒരു മുന്നണിക്കും കേവലഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ നേതൃത്വത്തിലുള്ള ഭരണസഖ്യവും മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യവും തമ്മിലാണ് പ്രധാന മത്സരം.
ഇസ്രയേലിലെ പ്രമുഖ മാധ്യമങ്ങളായ ചാനൽ 12, കാൻ 11, ചാനൽ 13 എന്നിവ പുറത്തുവിട്ട എക്സിറ്റ് പോൾ കണക്കുകൾ പ്രകാരം, ഐസൻകോട്ടിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 52 മുതൽ 53 വരെ സീറ്റുകൾ ലഭിച്ചേക്കും. നെതന്യാഹുവിൻ്റെ ഭരണസഖ്യത്തിന് പരമാവധി 50 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. അറബ് പാർട്ടികൾക്ക് 17 മുതൽ 18 വരെ സീറ്റുകൾ ലഭിക്കുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
120 അംഗങ്ങളുള്ള ഇസ്രയേൽ പാർലമെന്റിൽ സർക്കാർ രൂപീകരിക്കാൻ കുറഞ്ഞത് 61 അംഗങ്ങളുടെ പിന്തുണ വേണം. അതിനാൽ അന്തിമ തിരഞ്ഞെടുപ്പ് ഫലവും വിവിധ പാർട്ടികൾ തമ്മിലുള്ള സഖ്യചർച്ചകളും പുതിയ സർക്കാർ രൂപീകരണത്തിൽ നിർണായകമാകും.
74 ശതമാനം പോളിങ്ങാണ് തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണങ്ങൾക്കുശേഷം ഇസ്രയേലിൽ നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്.