ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ പുതിയ കണ്ടെത്തലുകളുമായി അന്വേഷണം. അപകടത്തിന് കാരണമായ കാർ ഓടിച്ച 17കാരൻ ആഡംബര ബൈക്കും ഉപയോഗിച്ചിരുന്നതായി അന്വേഷണസംഘത്തിന് സംശയം. ബെൻസ് കാറിൻ്റെ ഉടമയായ അഡീഷണൽ ജഡ്ജിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ബൈക്ക് കണ്ടെത്തിയത്. കൗമാരക്കാരൻ ബൈക്ക് ഓടിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ജില്ലാ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഫ്ലാറ്റിലെ ജീവനക്കാരനും 17കാരൻ ബൈക്ക് ഓടിക്കാറുണ്ടെന്ന് മൊഴി നൽകിയിട്ടുണ്ട്. ബൈക്കിൻ്റെ രജിസ്ട്രേഷനിലും പൊലീസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

17കാരൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ അപേക്ഷ എറണാകുളം സെഷൻസ് കോടതി പരിഗണിച്ചേക്കും. അതേസമയം, ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണൻ്റെ കുടുംബം ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകാൻ ഒരുങ്ങുകയാണ്. വിഷയത്തിൽ കുടുംബം പൊലീസുമായി ചർച്ച നടത്തിയിരുന്നു. ജഡ്ജിക്കെതിരായ നടപടിയിൽ ഹൈക്കോടതിക്കാണ് അധികാരമെന്ന് പൊലീസ് വിശദീകരിച്ചതിനെത്തുടർന്നാണ് കുടുംബം കോടതിയെ സമീപിക്കുന്നത്. നിലവിലെ പൊലീസ് നടപടികളിൽ തൃപ്തിയുണ്ടെന്നും കുടുംബം അറിയിച്ചിരുന്നു.

ജഡ്ജിയുടെ വീട്ടിൽ ക്രൈംബ്രാഞ്ചും പൊലീസും നടത്തിയ പരിശോധന ഏഴു മണിക്കൂർ നീണ്ടു. ആഡംബര ബൈക്കിന് പുറമേ ഡിജിറ്റൽ ഉപകരണങ്ങൾ, ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ, വാഹനത്തിൻ്റെ രേഖകൾ എന്നിവയും അന്വേഷണസംഘം ശേഖരിച്ചു. അപകടദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

കേസ് കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. സിഐ ശ്യാംകുമാർ കെ.എസ്., എസ്‌എച്ച്‌ഒ വിശ്വജിത്ത് വി.എസ്., എഎസ്ഐ മനോജ് കെ.ടി., സിപിഒ അരുൺ ജോഷി എന്നിവർക്കെതിരെയാണ് നടപടി. സംഭവസ്ഥലം സന്ദർശിച്ച എഡിജിപി പി. വിജയന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 2.30ഓടെ ചേരാനല്ലൂർ കണ്ടെയ്‌നർ റോഡിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ചാണ് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ മരിച്ചത്. അഡീഷണൽ ജഡ്ജിയുടെ മകനാണ് കാറോടിച്ചിരുന്നത്. അപകടത്തിനുശേഷം 17കാരനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ആഭ്യന്തരമന്ത്രിയുടെ അതൃപ്തിക്കുപിന്നാലെ പൊലീസ് നടപടി ശക്തമാക്കുകയും പിന്നീട് കൗമാരക്കാരനെതിരെ നരഹത്യാ വകുപ്പ് ചുമത്തുകയും ചെയ്തു.

Related Posts