എയറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയിലെ (എഡിഎ) മുതിർന്ന ശാസ്ത്രജ്ഞൻ ശരത് കത്യാറിൻ്റെ മരണവുമായി ബന്ധപ്പെട്ട് തൊഴിൽസമ്മർദം ആരോപിച്ച് കുടുംബം രംഗത്ത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ എഡിഎയിൽ ജോലി ചെയ്തിരുന്ന 47കാരനായ ശരത്തിനെ സീഗേഹള്ളിയിലെ അപ്പാർട്ട്മെന്റിൽനിന്ന് ചാടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിൻ്റെ (എൽസിഎ) എംകെ-2 ഗവേഷണ പദ്ധതിയിൽ പ്രവർത്തിച്ചിരുന്ന ശരത് ഒരു മാസത്തോളമായി കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇതേത്തുടർന്ന് ഒക്ടോബർ 21ന് ബെംഗളൂരുവിലെ നിംഹാൻസിൽ മനോരോഗ വിദഗ്ധനെ സമീപിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. ദിവസങ്ങൾക്കുശേഷമാണ് മരണം സംഭവിച്ചത്.
അതേസമയം, കുടുംബത്തിൻ്റെ ആരോപണം എഡിഎ അധികൃതർ നിഷേധിച്ചു. ജീവനക്കാർക്ക് അമിതമായ തൊഴിൽസമ്മർദം നേരിടേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് മാനവവിഭവശേഷി വിഭാഗം ഡയറക്ടർ കൃഷ്ണ രാജേന്ദ്ര വ്യക്തമാക്കി. ശരത്തിൻ്റെ മരണകാരണം സംബന്ധിച്ച് സഹപ്രവർത്തകർക്കും വ്യക്തമായ വിവരമില്ലെന്നും ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങൾ ഉണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.