ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ബ്രാൻഡ് മൂല്യത്തിൽ പുതിയ ചരിത്രം കുറിച്ചു. 14 ശതമാനം വളർച്ചയോടെ ലീഗിൻ്റെ ആകെ മൂല്യം 20.6 ബില്യൺ ഡോളറിലെത്തി (ഏകദേശം 1.97 ലക്ഷം കോടി രൂപ). ആദ്യമായാണ് ഐപിഎല്ലിൻ്റെ ബ്രാൻഡ് മൂല്യം 20 ബില്യൺ ഡോളർ കടക്കുന്നത്.

അമേരിക്കൻ നിക്ഷേപ ഉപദേശക സ്ഥാപനമായ ഹൗളിഹാൻ ലോകി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ കണക്ക്. കഴിഞ്ഞ വർഷം 1.76 ലക്ഷം കോടി രൂപയായിരുന്നു ഐപിഎല്ലിൻ്റെ മൂല്യം. തുടർച്ചയായ വാണിജ്യ വളർച്ചയും സംപ്രേഷണാവകാശ വരുമാനവും ഫ്രാഞ്ചൈസികളുടെ വിപണി മൂല്യവർധനയും ചേർന്നാണ് ഇത്തവണ റെക്കോർഡ് നേട്ടമെന്ന് റിപ്പോർട്ടിൽ പറയുന്നു.

സമീപകാലത്ത് രണ്ട് പ്രമുഖ ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശത്തിൽ ഉണ്ടായ വൻ ഇടപാടുകളും മൂല്യവർധനയ്ക്ക് പ്രധാന കാരണമായി. നിലവിലെ ചാമ്പ്യൻമാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (RCB)വിനെ ഏകദേശം 17,000 കോടി രൂപയ്ക്ക് കൺസോർഷ്യം ഏറ്റെടുത്തപ്പോൾ, രാജസ്ഥാൻ റോയൽസിനെ 15,783 കോടി രൂപയ്ക്ക് പുതിയ നിക്ഷേപകർ സ്വന്തമാക്കി. ഫ്രാഞ്ചൈസികളുടെ ബ്രാൻഡ് മൂല്യത്തിലും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഒന്നാം സ്ഥാനത്തെത്തി. 2,983 കോടി രൂപയാണ് ടീമിൻ്റെ ബ്രാൻഡ് മൂല്യം. ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ ക്രിക്കറ്റ് ലീഗെന്ന ഐപിഎല്ലിൻ്റെ സ്ഥാനം കൂടുതൽ ശക്തമായിരിക്കുകയാണ്.

Related Posts