ഇന്ത്യ ന്യൂസിലൻഡിനെ 44 റണ്ണിനു തോൽപ്പിച്ച് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ എ ഗ്രൂപ്പ് ചാമ്പ്യൻമാരായി. ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒൻപത് വിക്കറ്റിന് 249 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ന്യൂസിലൻഡ് 45.3 ഓവറിൽ 205 റണ്ണിന് ഓൾഔട്ടായി.
പത്ത് ഓവറിൽ 42 റൺ വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ലെഗ് സ്‌പിന്നർ വരുൺ ചക്രവർത്തിയാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്. ചൊവ്വാഴ്ച നടക്കുന്ന സെമി ഫൈനലിൽ ഇന്ത്യ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയെ നേരിടും. എ ഗ്രൂപ്പിലെ രണ്ടാം സ്‌ഥാനക്കാരായ ന്യൂസിലൻഡിന് ബി ഗ്രൂപ്പ് ചാമ്പ്യൻ ദക്ഷിണാഫ്രിക്കയാണ് എതിരാളി.
മുൻ നായകൻ കെയ്ൻ വില്യംസൺ (120 പന്തിൽ 81), നായകൻ മിച്ചൽ സാൻ്റ്നർ (31 പന്തിൽ രണ്ട് സിക്സറും ഒരു ഫോറുമടക്കം 28) എന്നിവരുടെ പോരാട്ടം ന്യൂസിലൻഡിനെ ജയത്തിനടുത്തെത്തിച്ചിരുന്നു. വില്യംസണിനെ അക്ഷർ പട്ടേലിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ ലോകേഷ് രാഹുൽ സ്‌റ്റമ്പ് ചെയ്‌തതു വഴിത്തിരിവായി.
സാൻ്റ്നറിനെയും മാറ്റ്ഹെൻ്റിയെയും (രണ്ട്) വരുൺ ചക്രവർത്തി ഒരേ ഓവറിൽ പുറത്താക്കി. ഗ്ലെൻ ഫിലിപ്‌സ് (12), മൈക്കിൾ ബ്രേസ്‌വെൽ (രണ്ട്), ഓപ്പണർ വിൽ യങ് (35 പന്തിൽ 22) എന്നിവരെയും വരുണാണു പുറത്താക്കിയത്. കുൽദീപ് യാദവ് രണ്ട് വിക്കറ്റും ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവർ ഒരു വിക്കറ്റ് വിതവുമെടുത്തു.