19-ാം സീസണിലെ ലീഗ് റൗണ്ട് പോരാട്ടം ഇന്നു സമാപിക്കുന്നതോടെ ശേഷിക്കുന്ന ഒരു സ്ഥാനം ആര്‍ക്കെന്നതില്‍ തീരുമാനമാകും. ഇന്നത്തെ ആദ്യപോരാട്ടത്തില്‍ രാജസ്ഥാന് റോയല്‍സ് അഞ്ച് തവണ കപ്പുയര്‍ത്തിയ പാരമ്പര്യമുള്ള മുംബൈ ഇന്ത്യന്‍സിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ 3.30നാണ് ഈ മത്സരം.
ഇന്നു മുംബൈ ഇന്ത്യന്‍സിനെ കീഴടക്കാന്‍ സാധിച്ചാല്‍ പ്ലേ ഓഫിലെ ശേഷിക്കുന്ന ഒരു സ്ഥാനം രാജസ്ഥാന് റോയല്‍സിനു സ്വന്തമാക്കാം. നിലവില്‍ 13 മത്സരങ്ങളില്‍നിന്ന് 14 പോയിന്റാണ് രാജസ്ഥാന് റോയല്‍സിനുള്ളത്. ജയിച്ചാല്‍ 16 പോയിന്റില്‍ എത്താം. പ്ലേ ഓഫ് ഉന്നം വച്ചിരിക്കുന്ന മറ്റെല്ലാ ടീമിന്റെയും പ്രതീക്ഷ അതോടെ അസ്തമിക്കും.
കൊൽക്കത്തയ്ക്ക് പ്ലേഓഫിലെത്താൻ കാര്യങ്ങൾ കടുപ്പമാണ്. ഡൽഹിക്കെതിരേ ഇന്ന് നടക്കുന്ന അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 75 റൺസിനെങ്കിലും ജയിക്കുകയോ ഇനി രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കിൽ 180 റൺസാണ് വിജയലക്ഷ്യമെങ്കിൽ അത് 13 ഓവറിലെങ്കിലും മറികടന്നെങ്കിൽ മാത്രമേ കൊൽക്കത്തയ്ക്ക് സാധ്യതയുള്ളൂ. രാജസ്ഥാൻ തോറ്റാൽ മാത്രമേ കൊൽക്കത്തയ്ക്ക് ഈ കണക്കുകൾ കൊണ്ട് കാര്യമുള്ളൂ.
രാത്രി 7.30ന് കോല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന് ഗാര്‍ഡന്‍സിലാണ് നൈറ്റ് റൈഡേഴ്സ് x ക്യാപ്പിറ്റല്‍സ് പോരാട്ടം. ലീഗ് ടേബിളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, മുന്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളാണ് യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളില്‍. ഈ മൂന്നു ടീമും പ്ലേ ഓഫ് ഉറപ്പാക്കുകയും ചെയ്തു.