കൊച്ചി ∙ മെഡിക്കൽ ടൂറിസമെന്ന പേരിൽ അവയവ കച്ചവടം, മറയാക്കിയത് കൊച്ചിയിലെ സ്ഥാപനത്തെ. പിന്നിൽ കൂടുതൽ മലയാളികൾ. കേസില്‍ അറസ്റ്റിലായ പ്രധാന പ്രതി പാലാരിവട്ടം സ്വദേശി മധു ജയകുമാറിനെ കസ്റ്റഡിയിൽ വാങ്ങുന്നതിന് പ്രത്യേക കോടതിയിൽ നൽകിയ അപേക്ഷയിലാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്. മെഡിക്കൽ ടൂറിസം നടത്തുന്ന സ്ഥാപനമെന്നു വിശ്വസിപ്പിച്ച് മധു ജയകുമാർ തുടങ്ങിയതാണ് സ്റ്റെമ്മ ക്ലബ്. എന്നാൽ മനുഷ്യക്കടത്തിനും അവയവ കച്ചവടത്തിനുമുള്ള മറയായി സ്ഥാപനത്തെ ഉപയോഗിക്കുകയായിരുന്നു എന്നാണ് കേന്ദ്ര അന്വേഷണ ഏജൻസി കരുതുന്നത്. അതുകൊണ്ടു തന്നെ ഇതിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതലായി അന്വേഷിക്കുന്നുണ്ടെന്നും എൻഐഎ പറയുന്നു.

മനുഷ്യക്കടത്തിനു പിന്നിൽ കൂടുതൽ മലയാളികളുണ്ടെന്നും എൻഐഎ വ്യക്തമാക്കുന്നുണ്ട്. മധു ജയകുമാറിനെ ഈ മാസം 24 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്രധാനമായും കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു അവയവ ദാതാക്കൾ. ഇവർ അവയവങ്ങൾ ദാനം ചെയ്തിരുന്നത് കൂടുതലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കായിരുന്നു. 50 ലക്ഷം രൂപ വരെ ഓരോ അവയവ ഇടപാടിനും ആവശ്യക്കാരിൽ നിന്ന് സംഘം ഈടാക്കുന്നുണ്ട്. അവയവ ദാതാക്കൾക്ക് വാഗ്ദാനം ചെയ്യുന്നത് 6 ലക്ഷം രൂപയാണ്. എന്നാൽ അവയവം ദാനം ചെയ്ത ശേഷം ഈ പണം മുഴുവനായി മിക്കവർക്കും നൽകിയിട്ടില്ല എന്ന വിവരം നേരത്തേ പുറത്തു വന്നിരുന്നു.

Related Posts