കൊല്ലം സ്വദേശിയായ അതുല്യയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കൊല്ലം ചവറ തെക്കുംഭാഗം പോലിസ് കേസെടുത്തു. അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരെയാണ് കൊലക്കുറ്റത്തിന് കേസ്. മാതാപിതാക്കള്‍ പറയുന്നത് മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ്. മദ്യപിച്ചു എത്തി സതീഷ് ശങ്കര്‍ നിരന്തരമായി അതുല്യയെ ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൊല്ലം തേവലക്കര കോയിവിള സൗത്ത് മേലേഴത്ത് ജംക്ഷന്‍ അതുല്യ ഭവനില്‍ എസ് രാജശേഖരന്‍ പിള്ളയുടെയും തുളസിഭായിയുടെയും മകളാണ് മരിച്ച അതുല്യ ശേഖര്‍.

സ്ത്രീധനം ആയി 43 പവന്‍ സ്വര്‍ണം ലഭിച്ചിരുന്നെന്നും ഇതു കുറഞ്ഞുപോയെന്ന് ആരോപിച്ച് അതുല്യയെ സതീഷ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നുമാണ് പരാതി. 2 ദിവസം മുന്‍പ് സതീഷ് മകളുടെ തലയില്‍ പ്ലേറ്റ് കൊണ്ട് അടിച്ചുവെന്നും വയറിന് ചവിട്ടി കഴുത്തിന് കുത്തി പിടിച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും പരാതിയില്‍ പറയുന്നു. ഇന്നലെ ചവറ തെക്കുംഭാഗം എസ്‌ഐ എന്‍ നിയാസിന്‍റെ നേതൃത്വത്തില്‍ പോലിസ് സംഘം അതുല്യയുടെ മാതാവ് തുളസിഭായിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Related Posts