കേരളത്തിലെ ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കരൾ രോഗങ്ങൾ പ്രത്യേകിച്ച് ഫാറ്റി ലിവർ രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നത്.
ജനസംഖ്യയിൽ നല്ലൊരു ശതമാനത്തോളം ആളുകളെ നിശബ്ദമായി ബാധിക്കുന്ന ഒരു രോഗമായി നോൺ ആൾക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എൻഎഎഫ്എൽഡി) മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് നിർണായക ഇടപെടൽ നടത്തുന്നത്. ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്.
ആദ്യഘട്ടമായി തിരുവനന്തപുരം ജനറൽ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, മലപ്പുറം തിരൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നത്. ഘട്ടംഘട്ടമായി സംസ്ഥാനത്ത് ഉടനീളം ഫാറ്റി ലിവർ ക്ലിനിക്കുകൾ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
രക്ത പരിശോധനാ ലാബുകൾ, സ്കാനിങ് തുടങ്ങി നിലവിലുള്ള സംവിധാനങ്ങൾക്ക് പുറമേ ഫാറ്റി ലിവറിൻ്റെ കാഠിന്യമറിയാനുള്ള ഫൈബ്രോ സ്കാനിംഗ് മെഷീൻ ഉൾപ്പെടെ സജ്ജമാക്കിയാണ് ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നത്.