മതവിദ്വേഷ പരാമർശം നടത്തിയെന്ന കേസിൽ ബിജെപി നേതാവും മുൻ എംഎൽഎയുമായ പിസി ജോർജിനെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തു. പിസി ജോർജിൻ്റെ ജാമ്യാപേക്ഷ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി തള്ളി. മാർച്ച് 10 വരെയാണ് റിമാൻഡ് ചെയ്തത്.
ജോർജിനെ പാലാ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ജോർജിൻ്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാകും ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ കോടതിയിൽനിന്ന് തീരുമാനമുണ്ടാകുക.
ജോർജിനെ വൈകുന്നേരം ആറുമണിവരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഈരാറ്റുപേട്ട പിഎച്ച്സിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം പിസി ജോർജിനെ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തിച്ചു പോലീസ് ചോദ്യം ചെയ്തു.
തുടർന്ന് വൈദ്യപരിശോധനയ്ക്കായി ജോർജിനെ പാലാ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിന് ശേഷം ജോർജിനെ പോലീസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
മതവിദ്വേഷ പരാമർശം നടത്തിയില്ലെന്നായിരുന്നു പിസി ജോർജിനായി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ജോർജിനെ റിമാൻഡ് ചെയ്യരുതെന്നും അഭിഭാഷകൻ ഉന്നയിച്ചു.
എന്നാൽ ജോർജിൻ്റേത് മതവിദ്വേഷ പരാമർശം തന്നെയാണെന്നും റിമാൻഡ് ആവശ്യമാണന്നുമായിരുന്നു പ്രോസിക്യൂഷൻ്റെ നിലപാട്. ഉച്ചകഴിഞ്ഞ് ഈരാറ്റുപേട്ട എസ്എച്ച്ഒ റിപ്പോർട്ട് സമർപ്പിച്ചു. ഇതുകൂടി പരിഗണിച്ച ശേഷമാണ് ജോർജിൻ്റെ ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുത്തത്.