ഒമാൻ തീരത്തോട് ചേർന്ന് ഇന്ത്യൻ ചരക്ക് കപ്പലിന് നേരെ ആക്രമണം. ബുധനാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഒമാൻ തീരത്ത് ചരക്ക് കപ്പൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ നാവികരെയും ഒമാൻ അധികൃതർ രക്ഷപ്പെടുത്തി.ഗുജറാത്തിൽ നിന്നുള്ള ‘ഹാജി അലി’ എന്ന കപ്പലാണ് ആക്രമണത്തിൽ മുങ്ങിയത്. ഡ്രോണോ മിസൈലോ ഉപയോഗിച്ചുള്ള ആക്രമണമാകാം ഇതെന്നാണ് പ്രാഥമിക നിഗമനം. ഒമാൻ കോസ്റ്റ് ഗാർഡ് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തിയത്.
ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ സലായ തുറമുഖത്ത് രജിസ്റ്റർ ചെയ്തതാണ് ആക്രമണത്തിനിരയായ കപ്പൽ. ഒമാന്റെ വടക്കൻ തീരത്തുള്ള ലിമയ്ക്ക് സമീപമായിരുന്നു ഇന്ത്യൻ പതാക വഹിച്ച കപ്പലിന് നേരെ ആക്രമണമുണ്ടായത്.
സോമാലിയയിൽ നിന്ന് ഷാർജയിലേക്ക് കന്നുകാലികളുമായി പോവുകയായിരുന്നു ഹാജി അലി എന്ന കപ്പൽ. നാവികരെല്ലാവരും സുരക്ഷിതരാണെന്ന് കപ്പൽ ഉടമ സുൽത്താൻ അഹമ്മദ് സംഗർ സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന കന്നുകാലികളെല്ലാം ചത്തു. സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.