തെക്കൻ നൈജീരിയയിൽ സൈനിക വിമാനം തകർന്നുവീണ് 32 പേർ മരിച്ചു. 25 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ആരും രക്ഷപ്പെട്ടില്ലെന്ന് നൈജീരിയൻ പ്രസിഡണ്ട് ബോല ടിനുബു സ്ഥിരീകരിച്ചു.

എദോ സംസ്ഥാനത്തുനിന്ന് ലാഗോസിലേക്ക് പതിവ് ദൗത്യത്തിൻ്റെ ഭാഗമായി പറന്നുയർന്ന എടിആർ 42 വിമാനമാണ് ഒണ്ടോ സംസ്ഥാനത്തെ ഇഗ്ബോക്കോഡ മേഖലയിൽ അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം രാവിലെ ഒമ്പതോടെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. യാത്രയുടെ പകുതിയോളം പിന്നിട്ട ശേഷമായിരുന്നു അപകടം.

നാവികസേനാ താവളത്തിന് സമീപത്തുനിന്നാണ് വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അപകടവിവരം ലഭിച്ചതിന് പിന്നാലെ സൈന്യത്തെ വിന്യസിച്ച് തെരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചിരുന്നു. അപകടത്തിൻ്റെ കാരണം കണ്ടെത്തുന്നതിനായി നൈജീരിയൻ വ്യോമസേന ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അട്ടിമറി സാധ്യത ഉൾപ്പെടെയുള്ള എല്ലാ വശങ്ങളും അന്വേഷണവിധേയമാക്കും.

Related Posts