റോഡ്, കുടിവെള്ളം, പെൻഷൻ തുടങ്ങിയ ആവശ്യങ്ങളുമായി ജനസമ്പർക്ക പരിപാടികളിൽ ആളുകൾ എത്താറുണ്ട്. എന്നാൽ കർണാടകയിലെ ഒരു ജനസമ്പർക്ക പരിപാടിയിൽ കർഷക യുവാക്കൾക്ക് വിവാഹം കഴിക്കാൻ വധുവിനെ കണ്ടെത്താൻ സർക്കാർ സഹായിക്കണമെന്ന ആവശ്യവുമായി ഒരാൾ മുഖ്യമന്ത്രിയെ സമീപിച്ചത് ശ്രദ്ധേയമായി.
മൈസൂരു ജില്ലയിലെ പിരിയാപട്ടണയിൽ ഒക്ടോബർ 3ന് നടന്ന ‘പ്രജാ സേവ’ പരിപാടിയിലാണ് സംഭവം. കൃഷിഭൂമിയും വീടുമുണ്ടായിട്ടും കർഷക കുടുംബങ്ങളിൽപ്പെട്ട നിരവധി യുവാക്കൾക്ക് വിവാഹം നടക്കാത്ത സാഹചര്യമാണെന്ന് പരാതിക്കാരൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോട് പറഞ്ഞു.
35 മുതൽ 40 വയസുവരെയുള്ള നിരവധി കർഷക യുവാക്കൾ വിവാഹം നടക്കാത്തതിനെ തുടർന്ന് കടുത്ത നിരാശയിലാണെന്നും ചിലർ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വന്തമായി വീടും ഭൂമിയുമുണ്ടായിട്ടും വിവാഹത്തിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കാൻ തയ്യാറായാലും വധുവിനെ കണ്ടെത്താൻ കഴിയുന്നില്ലെന്നും സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
പരാതിക്കാരൻ്റെ ആവശ്യം കേട്ട ശിവകുമാർ, “നിങ്ങൾക്ക് എന്താണ് വേണ്ടത്?” എന്ന് ചോദിച്ചതോടെയാണ് കർഷക യുവാക്കൾക്ക് വിവാഹത്തിന് സർക്കാർ സഹായം നൽകണമെന്ന ആവശ്യം ഉയർന്നത്. സർക്കാർ ജോലി, കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജോലി തുടങ്ങിയ സ്ഥിരവരുമാനമുള്ള ജോലിയുള്ള യുവാക്കളെയാണ് വിവാഹത്തിനായി പെൺകുട്ടികളുടെ കുടുംബങ്ങൾ കൂടുതലായി പരിഗണിക്കുന്നതെന്നും ഇതും കർഷക യുവാക്കൾ അവിവാഹിതരായി തുടരുന്നതിന് കാരണമാണെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കർഷക യുവാക്കളുടെ വിവാഹപ്രശ്നം കർണാടകയിൽ നേരത്തെയും ചർച്ചയായിട്ടുണ്ട്. ഫെബ്രുവരിയിൽ കുനിഗൽ എംഎൽഎ എച്ച്.ഡി. രംഗനാഥ് അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് സമാന ആവശ്യമുന്നയിച്ച് കത്തയച്ചിരുന്നു. കർഷകരെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് പ്രത്യേക ധനസഹായവും പരിഗണനയും നൽകണമെന്നായിരുന്നു അന്നത്തെ ആവശ്യം.