പ്രവാസി മലയാളികൾക്കായി നോർക്ക ഏർപ്പെടുത്തിയ നോർക്ക കെയർ സമഗ്ര അപകട ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം നിരക്കുകൾ വർധിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

നിലവിലെ പദ്ധതിയിൽ പ്രതിവർഷം 13,411 രൂപ പ്രീമിയം അടച്ചാൽ നാലംഗ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിച്ചിരുന്നു. എന്നാൽ പുതിയ പദ്ധതിയിൽ പോളിസി ഉടമയുടെ പ്രായം അടിസ്ഥാനമാക്കിയാണ് പ്രീമിയം നിശ്ചയിക്കുന്നത്. മൂന്നു ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ പരിരക്ഷ ലഭിക്കുന്ന എട്ട് സ്ലാബുകളായാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.

പ്രീമിയം വർധന സാധാരണ പ്രവാസി കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത കൂട്ടുമെന്നാണ് വിമർശനം. വ്യക്തിഗത ഇൻഷുറൻസിനും മാതാപിതാക്കളെ ഉൾപ്പെടുത്തിയുള്ള കുടുംബ ഇൻഷുറൻസിനും വെവ്വേറെ പ്രീമിയം നിശ്ചയിച്ചതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മൂന്നിരട്ടി വരെയാണ് പ്രീമിയം വർധിപ്പിച്ചത്.

ബെംഗളൂരുവിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന നിരവധി മലയാളികൾക്ക് പ്രയോജനകരമായിരുന്ന പദ്ധതിയുടെ പുതിയ നിരക്കുകൾ താങ്ങാനാവാത്തതാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇൻഷുറൻസ് പുതുക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനുമുള്ള എൻറോൾമെന്റ് നടപടികൾ ഇന്നലെ ആരംഭിച്ചതോടെയാണ് പുതുക്കിയ നിരക്കുകൾ പുറത്തുവന്നത്.

പ്രീമിയം വർധനയിൽ പ്രതിഷേധിച്ച് പ്രവാസി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. വർധിപ്പിച്ച നിരക്കുകൾ പിൻവലിച്ച് സാധാരണ പ്രവാസികൾക്കും കുടുംബങ്ങൾക്കും താങ്ങാനാകുന്ന നിരക്കിൽ ആരോഗ്യപരിരക്ഷ ഉറപ്പാക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. ഉയർന്ന ജീവിതച്ചെലവിനും കുടുംബബാധ്യതകൾക്കും ഇടയിൽ ഇൻഷുറൻസ് പ്രീമിയം കൂടി ഉയരുന്നത് പ്രവാസികളുടെ സാമ്പത്തിക സമ്മർദം വർധിപ്പിക്കുമെന്നാണ് സംഘടനകളുടെ നിലപാട്.

Related Posts