സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണം ശക്തമാക്കുന്നതിനായി നഗരത്തിലെ പ്രമുഖ സർക്കാർ, പൈതൃക കെട്ടിടങ്ങൾ ഇന്ന് പിങ്ക് നിറത്തിൽ പ്രകാശിപ്പിക്കും. വിധാൻസൗധ, ടൗൺ ഹാൾ, മയോ ഹാൾ, ശേഷാദ്രി അയ്യർ മെമ്മോറിയൽ ലൈബ്രറി, രാജീവ് ഗാന്ധി ആരോഗ്യശാസ്ത്ര സർവകലാശാല (RGUHS) എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

രാജീവ് ഗാന്ധി ആരോഗ്യശാസ്ത്ര സർവകലാശാലയുടെ നേതൃത്വത്തിലാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. സ്തനാർബുദം നേരത്തേ തിരിച്ചറിയുന്നതിൻ്റെയും കൃത്യസമയത്ത് രോഗനിർണയവും ചികിത്സയും ഉറപ്പാക്കുന്നതിൻ്റെയും പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

സർവകലാശാല വൈസ് ചാൻസലർ ഡോ. ഭഗവാൻ ബി.സി. മുന്നോട്ടുവച്ച നിർദേശത്തിന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരണപ്രകാശ് പാട്ടീൽ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ചീഫ് കമ്മിഷണർ മഹേശ്വർ റാവു തുടങ്ങിയവരുടെ അംഗീകാരം ലഭിച്ചതായാണ് റിപ്പോർട്ട്.

കെട്ടിടങ്ങൾ പിങ്ക് നിറത്തിൽ പ്രകാശിപ്പിക്കുന്നതിനൊപ്പം കിഡ്വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെയും മറ്റ് കാൻസർ ചികിത്സാ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. സ്തനങ്ങളിലെ അസാധാരണ മാറ്റങ്ങൾ തിരിച്ചറിയുക, രോഗലക്ഷണങ്ങൾ അവഗണിക്കാതിരിക്കുക, ആവശ്യമായ പരിശോധനകൾ നടത്തുക, ലക്ഷണങ്ങൾ കണ്ടാൽ വൈകാതെ ഡോക്ടറെ സമീപിക്കുക തുടങ്ങിയ കാര്യങ്ങളിൽ പൊതുജനങ്ങൾക്ക് അവബോധം നൽകും.

സ്തനാരോഗ്യത്തെക്കുറിച്ചുള്ള സ്വയംബോധവൽക്കരണം, രോഗലക്ഷണങ്ങൾ തിരിച്ചറിയൽ, നേരത്തെയുള്ള രോഗനിർണയം എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി ലഘുപുസ്തകവും പുറത്തിറക്കാൻ സർവകലാശാല പദ്ധതിയിടുന്നുണ്ട്. സ്തനാർബുദ ബോധവൽക്കരണ മാസമായ ഒക്ടോബറിൽ സംഘടിപ്പിക്കുന്ന ഈ സംരംഭത്തിലൂടെ രോഗത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ കുറയ്ക്കാനും നേരത്തെയുള്ള പരിശോധനയ്ക്കും ചികിത്സയ്ക്കും പ്രാധാന്യം നൽകാനുമാണ് ആരോഗ്യവിദഗ്ധർ ലക്ഷ്യമിടുന്നത്.

Related Posts