അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ 100 ശതമാനം വരെ തീരുവ പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് വ്യാഴാഴ്ച ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്ക് ട്രംപിൻ്റെ പുതിയ തീരുമാനം കനത്ത തിരിച്ചടിയാകും. “ഒരു കമ്പനി അവരുടെ മരുന്ന് ഉത്പാദന പ്ലാൻ്റ് അമേരിക്കയില്‍ സ്ഥാപിക്കുന്നില്ലെങ്കിൽ, ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ ബ്രാന്‍ഡഡ് അല്ലെങ്കില്‍ പേറ്റൻ്റ് നേടിയ എല്ലാ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ക്കും ഞങ്ങള്‍ 100 ശതമാനം തീരുവ ചുമത്തും”എന്നാണ് ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചത്.
ഏതെങ്കിലും കമ്പനി അവരുടെ പ്ലാൻ്റിൻ്റെ നിര്‍മ്മാണം ഇതിനകം ആരംഭിച്ചിട്ടുണ്ടെങ്കില്‍ അവരുടെ ഉത്പന്നങ്ങള്‍ക്ക് തീരുവ ഉണ്ടായിരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. മരുന്നുകള്‍ക്ക് തീരുവ പ്രഖ്യാപിച്ചതിന് പുറമേ ബാത്ത്‌റൂം വാനിറ്റികള്‍, കിച്ചന്‍ കാബിനറ്റുകള്‍ എന്നിവയ്ക്ക് 50 ശതമാനം തീരുവയും ട്രംപ് ചുമത്തിയിട്ടുണ്ട്. ഹെവി ട്രക്കുകള്‍ക്ക് 25 ശതമാനവും അപ്‌ഹോള്‍സ്റ്ററി ഫര്‍ണിച്ചറുകള്‍ക്ക് 30 ശതമാനവും തീരുവ ചുമത്തി.