സാമ്പത്തികമായി വലിയ പുരോഗതി കൈവരിച്ചിട്ടും ശുചിത്വ പരിപാലനത്തിലും മാലിന്യസംസ്കരണത്തിലും ഇന്ത്യ ഏറെ പിന്നിലാണെന്ന് സുപ്രീംകോടതി. ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ കൃത്യമായി നടപ്പാക്കാത്തതിലുള്ള ആശങ്ക പങ്കുവെച്ചാണ് കോടതിയുടെ വിമർശനം. ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) പുറപ്പെടുവിച്ച ഉത്തരവുകൾക്കെതിരായ അപ്പീലുകൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എസ്.വി.എൻ. ഭട്ടി, എൻ.വി.അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിൻ്റെ നിരീക്ഷണം.
മറ്റ് മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ ശുചിത്വമില്ലായ്മയും മാലിന്യസംസ്കരണത്തിലെ വീഴ്ചകളും കാരണം ഇല്ലാതാകുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തിൻ്റെ പ്രതിച്ഛായയെപ്പോലും മാലിന്യപ്രശ്നം പ്രതികൂലമായി ബാധിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.
ഖരമാലിന്യ സംസ്കരണ നിയമങ്ങൾ അധികാരികൾ കർശനമായി നടപ്പാക്കുകയും ജനങ്ങൾ അവ ഉത്തരവാദിത്തത്തോടെ പാലിക്കുകയും വേണം. ഭരണസംവിധാനത്തിലെ വിവിധ വിഭാഗങ്ങൾ ഏകോപനമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും കോടതി വിമർശിച്ചു. മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കാനോ അതിൻ്റെ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കാനോ ബാധ്യതയില്ലെന്ന ചിലരുടെ മനോഭാവം ഖേദകരമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.