സ്വന്തം സ്ഥാപനത്തിൻ്റെ പേരും ലോഗോയും പതിച്ച ഭക്ഷണപ്പൊതി നൽകിയതിന് ഉപഭോക്താവിൽനിന്ന് 15 രൂപ ഈടാക്കിയ ബെംഗളൂരുവിലെ മെഘ്ന ഫുഡ്‌സിന് 10,000 രൂപ പിഴയും നഷ്ടപരിഹാരവും നൽകാൻ ഉപഭോക്തൃ കമ്മീഷൻ്റെ ഉത്തരവ്. ബ്രാൻഡ് പേരും ലോഗോയും പതിച്ച ക്യാരി ബാഗിന് പണം ഈടാക്കിയത് അന്യായമായ വ്യാപാരരീതിയും സേവനത്തിലെ വീഴ്ചയുമാണെന്ന് ബെംഗളൂരു അർബൻ നാലാം അഡീഷനൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ കണ്ടെത്തി.

2026 മേയ് എട്ടിന് ഗിരിനഗർ സ്വദേശി 25കാരനായ പ്രണവ് കെ.എൻ. സൊമാറ്റോ വഴി രാജാജിനഗറിലെ മെഘ്ന ഫുഡ്‌സിൽനിന്ന് പനീർ ബിരിയാണി ഓർഡർ ചെയ്തതോടെയാണ് സംഭവം. ഭക്ഷണത്തിൻ്റെ ബില്ലിനൊപ്പം ‘റെസ്റ്റോറന്റ് പാക്കേജിങ് ചാർജ്’ എന്ന പേരിൽ 15 രൂപയും ജിഎസ്ടിയും ഉൾപ്പെടെ 15.75 രൂപ ഈടാക്കി. എന്നാൽ ലഭിച്ച കവറിലും പാക്കേജിങ്ങിലും റസ്റ്റോറന്റിൻ്റെ പേരും ലോഗോയും ഉണ്ടായിരുന്നു.

ഉപഭോക്താവിൻ്റെ പണം വാങ്ങി ഭക്ഷണം പൊതിയുന്നതിനൊപ്പം അതേ കവർ വഴി സ്ഥാപനത്തിന് സൗജന്യ പരസ്യവും ലഭിക്കുന്നുവെന്നായിരുന്നു പ്രണവിൻ്റെ പരാതി. ഇതിനെതിരെ ഇമെയിലും നിയമനോട്ടീസും നൽകിയിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

വാദം കേൾക്കാൻ നോട്ടീസ് നൽകിയിട്ടും മെഘ്ന ഫുഡ്‌സ് കമ്മീഷനിൽ ഹാജരായില്ല. ബ്രാൻഡ് പേരും ലോഗോയും ഇല്ലാത്ത സാധാരണ കവർ നൽകാമായിരുന്നുവെന്ന് നിരീക്ഷിച്ച കമ്മീഷൻ, ഇത്തരം രീതി തുടരരുതെന്നും നിർദേശിച്ചു. 5,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ പിഴയും ഉൾപ്പെടെ ആകെ 10,000 രൂപ 45 ദിവസത്തിനകം നൽകണമെന്നാണ് ഉത്തരവ്. വീഴ്ച വരുത്തിയാൽ എട്ടു ശതമാനം പലിശയും നൽകണം.

Related Posts