പ്രവാസി മലയാളികൾക്കായുള്ള നോർക്ക കെയർ പ്ലസ് ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി എൻറോൾമെന്റ് ഇന്ന് മുതൽ പുനരാരംഭിക്കും. സെപ്റ്റംബർ 18 വരെയാണ് ചേരാൻ അവസരം. ഏപ്രിൽ 15ന് പ്രാബല്യത്തിൽ വന്ന പദ്ധതിയുടെ ശേഷിക്കുന്ന എട്ട് മാസത്തേക്കാണ് പുതിയ എൻറോൾമെന്റ് അനുവദിക്കുന്നത്. ഇതനുസരിച്ച് 2027 ഏപ്രിൽ 14 വരെയാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. കാലയളവിന് അനുസരിച്ച് പ്രീമിയം തുകയിലും മാറ്റമുണ്ടാകും.
5 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വിവിധ സ്ലാബുകളിലായി ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. 5,499 രൂപ മുതലാണ് പ്രീമിയം ആരംഭിക്കുന്നത്. 10 ലക്ഷം രൂപ വരെയുള്ള പോളിസികളിൽ പോളിസി ഉടമയുടെയോ പങ്കാളിയുടെയോ 80 വയസ്സുവരെയുള്ള മാതാപിതാക്കളെയും ഉൾപ്പെടുത്താൻ സാധിക്കും. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
18 മുതൽ 70 വയസ്സുവരെയുള്ള പ്രവാസി കേരളീയർക്ക് പദ്ധതിയിൽ ചേരാം. സാധുവായ നോർക്ക പ്രവാസി ഐഡി, സ്റ്റുഡന്റ്സ് ഐഡി, എൻആർകെ ഐഡി എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം.
നോർക്ക റൂട്ട്സ് വെബ്സൈറ്റ് വഴിയോ നോർക്ക കെയർ പ്ലസ് ആപ്പ് വഴിയോ എൻറോൾ ചെയ്യാം.
രാജ്യത്താകെ 24,000 ആശുപത്രികളിൽ കാഷ്ലെസ് ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ഇതിൽ കേരളത്തിലെ 688 ആശുപത്രികളും ഉൾപ്പെടുന്നു. പരിരക്ഷ ലഭിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളുടെ പട്ടിക ആപ്പിൽ ലഭ്യമാകും.
കാഷ്ലെസ് സൗകര്യമില്ലാത്ത ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നാൽ ചികിത്സാ ചെലവ് ക്ലെയിം ചെയ്ത് റീഇംബേഴ്സ്മെന്റ് ലഭിക്കുന്നതിനുള്ള സൗകര്യവും പദ്ധതിയിലുണ്ടെന്നു ഡെവലപ്മെന്റ് ഓഫിസർ എം.കെ.ജയപ്രകാശ് പറഞ്ഞു.
എൻറോൾമെന്റുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 1800 202 2502, 1860 419 1401 എന്നീ ഹെൽപ്പ്ലൈൻ നമ്പറുകളിലും 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാം.