ബെംഗളൂരുവില്‍ തൃശൂര്‍ സ്വദേശിയായ യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ സ്ഥിരം അക്രമിയെന്ന് പോലീസ്. കൊല്ലം സ്വദേശിയായ ദീപക് കൃഷ്ണന്‍ ദുബായില്‍ ഐടി ഉദ്യോഗസ്ഥനായിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്ന് മൂന്നുകോടി രൂപ തട്ടിയതിന് ജയിലിലായിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങി വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ദീപക് ദീര്‍ഘകാലമായി ബെംഗളുരുവിലായിരുന്നു താമസം.
നായ്ക്കളെ വളര്‍ത്തലായിരുന്നു ദീപക്കിൻ്റെ വിനോദം. 2024 ല്‍ കൊച്ചിയിലെ മൃഗ ഡോക്ടറെ ഭീഷണിപ്പെടുത്തുകയും മൃഗാശുപത്രിയില്‍ അക്രമം കാണിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ വ്യക്തിയാണ് ദീപക് കൃഷ്ണന്‍. കൊക്കെയ്ന്‍ കൈവശം വെച്ചതിനും ഇയാൾ പൊലീസ് പിടിയിലായിട്ടുണ്ട്. ഇന്നലെയാണ് വാടാനപ്പള്ളി സ്വദേശിയായ സുനിത (47) മരിച്ചത്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
യുവതി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. കാരണവര്‍ കേസിലെ പ്രതിയായ ഷെറിൻ്റെ സഹതടവുകാരിയായിരുന്നു സുനിത. ഷെറിന് നിയമവിരുദ്ധമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന പരാതി ഉന്നയിച്ചത് സുനിതയാണ്. വാടാനപ്പള്ളിയിൽ തെരുവ് നായകൾക്കായി ഷെൽട്ടർ ഹോം നടത്തിവരികയായിരുന്നു സുനിത. സമീപത്തെ സ്കൂളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളായിരുന്നു സുനിത നായ്ക്കൾക്ക് നൽകിയിരുന്നത്.
സ്കൂൾ അടച്ചതോടെ പ്രതിസന്ധിയിലായ സുനിത ബെംഗളൂരുവിൽ തെരുവു നായ്ക്കൾക്കായുളള ഷെൽട്ടർ ഹോമിലേക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് ബെംഗളൂരുവിലെത്തിയത്.