കോട്ടയത്ത് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ സ്വദേശിനിയായ ആര്യയെയാണ് ഓഗസ്റ്റ് 18ന് നാട്ടകം സ്വദേശിയായ ഭർത്താവ് ദീപക് ബാബുവിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവാഹത്തിന് പിന്നാലെ സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവിൻ്റെ അമ്മയും മുത്തശ്ശിയും ആര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിൻ്റെ പാടുകൾ ഉണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു.

ആര്യയുടെ സംസ്കാര ചടങ്ങിൽ ഭർത്താവിൻ്റെ അമ്മയും മുത്തശ്ശിയും പങ്കെടുക്കാതിരുന്നതും സംശയത്തിന് ഇടയാക്കുന്നതായി ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. അതേസമയം, കോട്ടയം ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ മരണത്തിലേക്ക് നയിച്ച കാരണമായി ഭർത്താവ് ദീപക് ബാബുവിൻ്റെ മദ്യപാനം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎസ്പിക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് ആര്യയുടെ കുടുംബം.

Related Posts